ഒരു സാമ്രാജ്യം തകർന്നടിയുമ്പോൾ ഭയന്നോടുന്നവരെയല്ല, ആ തകർച്ചയുടെ ചിതയിൽ നിന്ന് വിസ്മയങ്ങൾ കെട്ടിപ്പടുക്കുന്നവരെയല്ലേ നാം യഥാർത്ഥ നായകർ എന്ന് വിളിക്കേണ്ടത്? ബിസിനസ്സ് ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഹൃദ്യവും അതിശയിപ്പിക്കുന്നതുമായ ഒരു ‘തിരിച്ചുവരവിന്റെ’ കഥയാണിത്.
ഈ കഥ തുടങ്ങുന്നത് ചിക്കമംഗളൂരിലെ കാപ്പിത്തോട്ടങ്ങളിൽ നിന്നല്ല, മറിച്ച് വി.ജി. സിദ്ധാർത്ഥ എന്ന യുവാവിന്റെ ഉള്ളിലെ അടങ്ങാത്ത ആവേശത്തിൽ നിന്നാണ്. തന്റെ തോട്ടത്തിലെ കാപ്പിപ്പൊടി വെറുതെ വിൽക്കുന്നതിനേക്കാൾ, അത് പ്രണയവും സൗഹൃദവും പങ്കുവെക്കുന്ന ഒരിടമായി മാറിയാലോ എന്ന ചിന്തയാണ് 1996-ൽ ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിൽ ആദ്യത്തെ ‘സിസിഡി’ (CCD) പിറക്കാൻ കാരണമായത്.
അതൊരു തുടക്കമായിരുന്നു. “A lot can happen over coffee” എന്ന സിസിഡിയുടെ ടാഗ്‌ലൈൻ അന്വർത്ഥമാക്കും വിധം, ഇന്ത്യയിലെ ഒരു തലമുറയുടെ പ്രണയവും സൗഹൃദവും ആ കാപ്പിപ്പുകയ്ക്കിടയിൽ വളർന്നു. സിദ്ധാർത്ഥ ഇന്ത്യയുടെ ‘കോഫി കിംഗ്’ ആയി വാഴ്ത്തപ്പെട്ടു. ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകൾ രാജ്യമെമ്പാടും ഉയർന്നു. ഈ വിജയയാത്രയിൽ സിദ്ധാർത്ഥയ്ക്ക് കരുത്തും തണലുമായി കൂടെയുണ്ടായിരുന്നത് കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകൾ മാളവികയായിരുന്നു
എന്നാൽ തിളക്കമുള്ള വിജയത്തിനടിയിൽ കടബാധ്യതകളുടെ കറുത്ത നിഴലുകൾ പടരുന്നുണ്ടായിരുന്നു എന്ന് ലോകമറിഞ്ഞത് വൈകിയാണ്. 2019 ജൂലൈയിലെ ആ കറുത്ത ദിനം ഇന്ത്യയെ നടുക്കി. കടബാധ്യതകളുടെ സമ്മർദ്ദത്തിൽ ഉലഞ്ഞുപോയ സിദ്ധാർത്ഥയെ നേത്രാവതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആ വാർത്ത കേട്ട് രാജ്യം നടുങ്ങി. സിദ്ധാർത്ഥയുടെ മരണവാർത്തയേക്കാൾ വലിയൊരു ദുരന്തം കോഫി ഡേയെ കാത്തിരിക്കുന്നുണ്ടായിരുന്നു—ഏകദേശം 7000 കോടി രൂപയുടെ ഭീമമായ കടബാധ്യത!
ഷെയർ മാർക്കറ്റിൽ സിസിഡിയുടെ വില ഇടിഞ്ഞു, ഔട്ട്‌ലെറ്റുകൾ പൂട്ടാൻ തുടങ്ങി, ആയിരക്കണക്കിന് ജീവനക്കാർ വഴിയാധാരമാകുമെന്നുറപ്പായി. എല്ലാവരും വിധിയെഴുതി: “കോഫി ഡേയുടെ കഥ കഴിഞ്ഞു.”തന്റെ പ്രിയതമന്റെ വേർപാടിൽ തകർന്നുപോകേണ്ടിയിരുന്ന മാളവിക ഹെഗ്‌ഡെ പക്ഷേ തിരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു. കരഞ്ഞുതീർക്കാൻ സമയമില്ലെന്ന് തിരിച്ചറിഞ്ഞ അവർ, മക്കളെയോർത്ത്, തന്റെ ഭർത്താവ് ചോരനീരാക്കി പണിത ആ സ്ഥാപനത്തെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. 2020 ഡിസംബറിൽ അവർ സിസിഡിയുടെ സിഇഒ ആയി ചുമതലയേറ്റു.ആയിരക്കണക്കിന് ജീവനക്കാരുടെ അന്നവും തന്റെ ഭർത്താവിന്റെ അഭിമാനവും സംരക്ഷിക്കണമെന്നും അവർ ഉറപ്പിച്ചു.
തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ധാർത്ഥയുടെ പതനത്തിന് ശേഷം, തകർന്നടിഞ്ഞ ചീട്ടുകൊട്ടാരം പോലെ കിടന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് മാളവിക നടന്നു കയറി. എസ്.എം. കൃഷ്ണയുടെ മകളായ മാളവികയ്ക്ക് അധികാരത്തിന്റെ ലോകം അന്യമായിരുന്നില്ലെങ്കിലും, ഒരു ശൂന്യതയിൽ നിന്ന് വലിയൊരു സാമ്രാജ്യത്തെ നയിക്കുക എന്നത് അസാധ്യമായ കാര്യമായിട്ടാണ് ലോകം കണ്ടത്. ബിസിനസ്സ് ലോകം അവരെ സംശയത്തോടെ നോക്കിയെങ്കിലും, ഒരു വീട്ടമ്മയിൽ നിന്ന് കരുത്തുറ്റ ബിസിനസ്സ് ലീഡറിലേക്കുള്ള അവരുടെ മാറ്റം അത്ഭുതകരമായിരുന്നു.
മാളവിക ആദ്യം ചെയ്തത് ജീവനക്കാർക്ക് ഒരു കത്തയക്കുകയായിരുന്നു: “നമുക്ക് ഒരുമിച്ച് ഈ പ്രതിസന്ധിയെ മറികടക്കാം.” പിന്നീട് അവർ ഓരോ ബാങ്കുകളെയും നേരിട്ട് കണ്ടു. “ഞാൻ ഒളിച്ചോടില്ല, പലിശ സഹിതം ഓരോ പൈസയും തിരിച്ചു നൽകും, എനിക്ക് സമയം തരൂ.” അവരുടെ ആത്മാർത്ഥതയ്ക്ക് മുന്നിൽ ബാങ്കുകൾക്ക് വഴങ്ങേണ്ടി വന്നു.
പിന്നീട് കണ്ടത് ആസൂത്രിതമായ നീക്കങ്ങളായിരുന്നു. മാളവിക തന്റെ പക്കലുണ്ടായിരുന്ന അത്യാവശ്യമില്ലാത്ത ആസ്തികൾ ഓരോന്നായി വിൽക്കാൻ തുടങ്ങി. ടെക് പാർക്കുകളും മറ്റ് ഭൂമികളും വിറ്റ് ലഭിച്ച തുക നേരിട്ട് കടം വീട്ടാനായി ഉപയോഗിച്ചു. ലാഭമില്ലാത്ത നൂറുകണക്കിന് ഔട്ട്‌ലെറ്റുകൾ അവർ ധീരമായി പൂട്ടി, ആഡംബരങ്ങൾ ഒഴിവാക്കി, കമ്പനിയുടെ ഓരോ ചിലവും അവർ നേരിട്ട് നിരീക്ഷിച്ചു. ബിസിനസ്സ് സ്കൂളുകളിൽ പഠിപ്പിക്കാത്ത ഒരു വലിയ പാഠമാണ് മാളവിക ലോകത്തിന് കാണിച്ചുകൊടുത്തത്.
ഇന്ന്, ആ പോരാട്ടം ഫലം കണ്ടിരിക്കുകയാണ്. 2019-ൽ 7,000 കോടിയായിരുന്ന കടം, വെറും നാല് വർഷം കൊണ്ട് അവർ 400 കോടി രൂപയിലേക്ക് താഴ്ത്തിക്കൊണ്ടുവന്നു. മിക്കവാറും ഒരു വർഷത്തിനുള്ളിൽ സിസിഡി ഒരു കടരഹിത സ്ഥാപനമായി മാറും. സിദ്ധാർത്ഥ ചോരനീരാക്കി പണിത ആ ബ്രാൻഡിനെ, അദ്ദേഹത്തിന്റെ അഭിമാനത്തെ മാളവിക നെഞ്ചോട് ചേർത്തുപിടിച്ചു. ജീവിതം നിങ്ങളെ മുട്ടുകുത്തിക്കുമ്പോൾ, അവിടെ നിന്ന് എഴുന്നേറ്റ് നിൽക്കാൻ കാണിക്കുന്ന ചങ്കൂറ്റമാണ് യഥാർത്ഥ വിജയം. മാളവിക ഹെഗ്‌ഡെ ഇന്ന് വെറുമൊരു ബിസിനസ്സുകാരിയല്ല, ഒരു സാമ്രാജ്യത്തിന്റെ കാവലാളാണ്!
ഇനി നിങ്ങൾ എപ്പോഴെങ്കിലും കഫേ കോഫി ഡേയിൽ ഇരുന്ന് ഇരുന്ന് ഒരു കാപ്പി കുടിക്കുമ്പോൾ ഓർക്കുക, ആ കപ്പിന് ഇപ്പോൾ അതിജീവനത്തിന്റെ രുചിയാണ്. തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ഒരു സ്ത്രീയുടെ പോരാട്ടവീര്യത്തിന്റെ രുചി!













Discussion about this post