1961-ലെ ഒരു തണുത്ത ശൈത്യകാലം. പബ്ലിക് ഹൗസിങ് പ്രോജക്റ്റിലെ ഇടുങ്ങിയ ഫ്ലാറ്റിലേക്ക് ഏഴുവയസ്സുകാരനായ ഹോവാർഡ് ഓടിക്കയറുന്നത് തന്റെ അച്ഛനെ കാണാനാണ്. അവിടെ കണ്ട കാഴ്ച ആ കുഞ്ഞുഹൃദയത്തെ നടുക്കി. ട്രക്ക് ഡ്രൈവറായിരുന്ന അച്ഛൻ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് നിസ്സഹായനായി കിടക്കുന്നു. അന്ന് അമേരിക്കയിൽ സാധാരണക്കാർക്ക് ഇൻഷുറൻസോ ചികിത്സാ സഹായമോ ഇല്ലായിരുന്നു. ജോലിയില്ലെങ്കിൽ കൂലിയില്ല; കൂലിയില്ലെങ്കിൽ ആ വീട്ടിൽ അടുപ്പ് പുകയില്ല.
പഠനത്തിനായി രക്തം വിറ്റ് പോലും പണം കണ്ടെത്തിയ ഹോവാർഡ്, പിന്നീട് ഒരു സെയിൽസ്മാനായി കരിയർ ആരംഭിച്ചു. 1981-ൽ സീറ്റിലിലെ ഒരു ചെറിയ കോഫി ബീൻ കടയിൽ അപ്രതീക്ഷിതമായി എത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ‘സ്റ്റാർബക്സ്’ എന്നായിരുന്നു ആ കടയുടെ പേര്.
സ്റ്റാർബക്സിൽ ചേർന്ന ഹോവാർഡ് ഒരിക്കൽ ഇറ്റലി സന്ദർശിക്കാനിടയായി. അവിടുത്തെ കോഫി ബാറുകൾ വെറുമൊരു കടയല്ല, മറിച്ച് ആളുകൾ തമ്മിൽ സംസാരിക്കാനും ബന്ധങ്ങൾ പുതുക്കാനുമുള്ള ഒരിടമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വീടിനും ജോലിക്കുമിടയിൽ ആളുകൾക്ക് വിശ്രമിക്കാനുള്ള ഒരു ‘തേർഡ് പ്ലേസ്’ (Third Place) എന്ന ആശയവുമായി അദ്ദേഹം തിരിച്ചെത്തിയെങ്കിലും സ്റ്റാർബക്സ് ഉടമകൾ അത് നിരസിച്ചു.ഒടുവിൽ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഹോവാർഡ് ഇറങ്ങിത്തിരിച്ചു. സ്വന്തമായി കട തുടങ്ങി വിജയിപ്പിച്ച ശേഷം, 1987-ൽ താൻ പഴയ ജോലി ചെയ്ത അതേ സ്റ്റാർബക്സിനെ അദ്ദേഹം വിലയ്ക്ക് വാങ്ങി.
താൻ കുട്ടിക്കാലത്ത് കണ്ട തന്റെ അച്ഛന്റെ അവസ്ഥ മറ്റാർക്കും ഉണ്ടാകരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അമേരിക്കയിൽ ആദ്യമായി പാർട്ട് ടൈം ജീവനക്കാർക്ക് പോലും ആരോഗ്യ ഇൻഷുറൻസും ഓഹരികളും (Bean Stock) നൽകിയ കമ്പനിയായി സ്റ്റാർബക്സ് മാറി. ജീവനക്കാരെ അദ്ദേഹം വിളിച്ചത് ‘പാർട്ണർമാർ’ എന്നാണ്. ലോകമെമ്പാടുമായി 38,000-ലധികം ഔട്ട്‌ലെറ്റുകൾ സ്റ്റാർബക്സിനുണ്ട്.1992-ൽ ഓഹരി വിപണിയിൽ എത്തുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് വളർച്ച കമ്പനിക്കുണ്ട്.
ഇന്ന് ഹോവാർഡ് ഷുൾട്സ് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളാണ്. ഏകദേശം $3.3 ബില്യൺ (ഏകദേശം 27,000 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. സ്റ്റാർബക്സിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും, ഇന്നും ആ ബ്രാൻഡിന്റെ ആത്മാവ് അദ്ദേഹം പകർന്നുനൽകിയ മൂല്യങ്ങളിലാണ്.










Discussion about this post