അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നിലപാടുമായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലായി മുപ്പതിലധികം പാകിസ്താൻ ഭീകരർ സജീവമാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ അതിർത്തിയിലും ഉൾപ്രദേശങ്ങളിലും ശീതകാല ഓപ്പറേഷനുകൾ സൈന്യം ശക്തമാക്കി.
നുഴഞ്ഞുകയറ്റത്തിന് പാക് ശ്രമം മഞ്ഞുവീഴ്ചയുടെ ആനുകൂല്യം മുതലെടുത്ത് താഴ്‌വരയിലേക്ക് ഭീകരരെ കടത്തിവിടാൻ പാകിസ്താൻ ശ്രമിക്കുന്നതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ജമ്മു മേഖലയിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാനാണ് ശത്രുരാജ്യത്തിന്റെ നീക്കം. നിലവിൽ താഴ്‌വരയിലുള്ള ഭീകരരെ തുരത്താനും അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയാനുമായി കരസേനയും സിആർപിഎഫും സംയുക്തമായി പരിശോധനകൾ വ്യാപിപ്പിച്ചു.
പോരാട്ടം മഞ്ഞിലും കശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമായ ചില്ലൈ കലാൻ ആരംഭിച്ചെങ്കിലും ഭീകരവേട്ടയിൽ വിട്ടുവീഴ്ചയില്ലെന്നാണ് സൈനിക വക്താക്കൾ അറിയിക്കുന്നത്. താപനില പൂജ്യത്തിന് താഴെ പോകുന്ന സാഹചര്യത്തിലും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് അതിർത്തിയിൽ കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യൻ ജവാന്മാർ. ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യം വെച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തിടെ ജമ്മുവിൽ സൈനിക വാഹനങ്ങൾക്ക് നേരെയും ഗ്രാമീണർക്ക് നേരെയും നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഭീകരരെ സഹായിക്കുന്ന തദ്ദേശീയരായ ആളുകൾക്ക് നേരെയും എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.













Discussion about this post