രാജ്യത്ത് ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ നടക്കുന്നത് ‘ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾ’ മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ശ്രമം. ഹിന്ദു വേട്ടയിൽ ശക്തമായ പ്രതിഷേധം ഭാരതം രേഖപ്പെടുത്തിയതിന് പിന്നാലെയാണ്, തങ്ങൾ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്ന അവകാശവാദവുമായി ബംഗ്ലാദേശ് രംഗത്തെത്തിയത്. ബംഗ്ലാദേശിലേത് ആസൂത്രിതവും വ്യവസ്ഥാപിതവുമായ പീഡനമാണെന്ന് ഭാരതം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും, അവ വെറും ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളാണെന്നാണ് ബംഗ്ലാദേശ് പറയുന്നത്.
ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ ‘ക്രിമിനൽ പ്രവർത്തനങ്ങളെന്ന്’ വിശേഷിപ്പിക്കുകയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഇതിന് പിന്നിൽ മതപരമായ വിദ്വേഷമില്ലെന്നും കുറ്റവാളികളെ പിടികൂടുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു. എന്നാൽ, ചിറ്റഗോങ്ങിലും ധാക്കയിലും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹിന്ദുക്കൾ ഇന്നും ഭീതിയുടെ നിഴലിലാണ്. അക്രമികൾക്ക് നേരെ കർശന നടപടിയെടുക്കുന്നതിന് പകരം, പ്രതിഷേധിക്കുന്ന ഹിന്ദുക്കളെ ജയിലിലടയ്ക്കാനാണ് ബംഗ്ലാദേശ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ആളുകൾ ആരോപിക്കുന്നു.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഭാരതം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ധാക്കയ്ക്ക് മേലുള്ള നയതന്ത്ര സമ്മർദ്ദം കുറയ്ക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.












Discussion about this post