ഇന്ത്യയോടുള്ള അന്ധമായ വിദ്വേഷം കായിക മൈതാനങ്ങളിലേക്കും പടർത്തി പാകിസ്താൻ. ബഹ്‌റൈനിൽ നടന്ന സ്വകാര്യ ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് കളിച്ചതിനും ഭാരതത്തിൻ്റെ ദേശീയ പതാക പുതച്ചതിനും പ്രമുഖ പാക് കബഡി താരം ഉബൈദുള്ള രജ്പുത്തിന് പാകിസ്താൻ കബഡി ഫെഡറേഷൻ ആജീവനാന്ത വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഈ മാസം ബഹ്‌റൈനിൽ നടന്ന ജിസിസി കപ്പ് സ്വകാര്യ ടൂർണമെൻ്റിലാണ് ഉബൈദുള്ള രജ്പുത് ഇന്ത്യൻ ടീമിൻ്റെ ജേഴ്സി അണിഞ്ഞത്. മത്സരത്തിൽ ടീം വിജയിച്ചതിന് പിന്നാലെ ഭാരതത്തിൻ്റെ ദേശീയ പതാക പുതച്ച് താരം സന്തോഷം പങ്കിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് പാക് കബഡി ഫെഡറേഷൻ അടിയന്തര യോഗം ചേർന്ന് താരത്തിനെതിരെ നടപടി എടുത്തത്. നിർബന്ധിതമായി വാങ്ങേണ്ട നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് താരം വിദേശത്ത് പോയി കളിച്ചതെന്നും പാക് അധികൃതർ ആരോപിക്കുന്നു.
താൻ കളിച്ചത് ഒരു സ്വകാര്യ ടീമിന് വേണ്ടിയാണെന്നും അത് ഇന്ത്യൻ ടീം ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഉബൈദുള്ള രജ്പുത് പിന്നീട് വിശദീകരണം നൽകി. “മുൻകാലങ്ങളിൽ സ്വകാര്യ ലീഗുകളിൽ ഇന്ത്യ-പാക് താരങ്ങൾ ഒരുമിച്ച് കളിക്കാറുണ്ട്. പക്ഷേ ടീമിന് ഇന്ത്യയുടെ പേര് നൽകിയത് ഞാൻ അറിഞ്ഞില്ല” എന്ന് താരം ഖേദം പ്രകടിപ്പിച്ചിട്ടും പാക് ഫെഡറേഷൻ അയഞ്ഞിട്ടില്ല. ഭാരതത്തോടുള്ള സ്നേഹപ്രകടനം പാകിസ്ഥാനിൽ അക്ഷരാർത്ഥത്തിൽ ഒരു ‘പാതകമായി’ മാറിയിരിക്കുകയാണ്. ഉബൈദുള്ളയെ കൂടാതെ ഇതേ ടൂർണമെൻ്റിൽ പങ്കെടുത്ത മറ്റ് 16 താരങ്ങൾക്കും പിഴയും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.













Discussion about this post