നമ്മുടെ തൊട്ടയൽപക്കത്ത് വീണ്ടും പ്രക്ഷോഭങ്ങളുടെ കനൽ എരിയുകയാണ്. മാസങ്ങൾക്ക് മുൻപ് ശൈഖ് ഹസീന സർക്കാർ പുറത്തായതോടെ തണുക്കുമെന്ന് കരുതിയ ബംഗ്ലാദേശ് രാഷ്ട്രീയം ഇപ്പോൾ ഇന്ത്യാവിരുദ്ധതയുടെ പുതിയ താവളമായി മാറുന്നു. ഒരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, ആസൂത്രിതമായ ഹിന്ദു വേട്ടയും ഇന്ത്യ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള പ്രകോപനങ്ങളും അയൽരാജ്യത്ത് പതിവാകുകയാണ്. എന്താണ് ബംഗ്ലാദേശിൽ പെട്ടെന്നുണ്ടായ ഈ ഇന്ത്യാവിരുദ്ധ വികാരത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാവാം?
ബംഗ്ലാദേശിലെ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് എണ്ണ പകർന്നത് ഇൻക്വിലാബ് മഞ്ച് നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ വധമാണ്. ഇന്ത്യയുടെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ചിരുന്ന ഹാദിയ്ക്ക് ഡിസംബർ 12-ന് ധാക്കയിൽ വെച്ച് വെടിയേൽക്കുകയും പിന്നീട് ഇയാൾ സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഹാദിയുടെ മരണത്തിന് പിന്നിൽ ഭാരതത്തിൻ്റെ കരങ്ങളാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ അവിടെ പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസുകൾക്ക് നേരെ അക്രമങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നത്.
മൈമൻസിംഗിലെ ഭാലുക്കയിൽ ദീപു ചന്ദ്ര ദാസ് എന്ന 27-കാരനായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് തീയിട്ട സംഭവം ലോകമനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. ദൈവനിന്ദ ആരോപിച്ചായിരുന്നു ഈ ക്രൂരതയെങ്കിലും, അന്വേഷണത്തിൽ അത്തരമൊരു കുറ്റം നടന്നതായി തെളിഞ്ഞിട്ടില്ല. ഇത് കേവലം ഒരു ക്രിമിനൽ കുറ്റമല്ലെന്നും, ഇന്ത്യയോടുള്ള വിദ്വേഷം അവിടെയുള്ള ന്യൂനപക്ഷമായ ഹിന്ദുക്കളോട് തീർക്കുകയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദീപു ദാസിൻ്റെ വധം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്.
ശൈഖ് ഹസീനയ്ക്ക് അഭയം നൽകിയത് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഹസീനയെ ഉടൻ വിട്ടുനൽകണമെന്നും ഇല്ലെങ്കിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ഇൻക്വിലാബ് മഞ്ച് പോലുള്ള സംഘടനകൾ ഭീഷണിപ്പെടുത്തുന്നു. ഹസീന ഡൽഹിയിൽ ഇരുന്ന് നടത്തുന്ന പ്രസ്താവനകൾ ബംഗ്ലാദേശിലെ സമാധാനാന്തരീക്ഷം തകർക്കുന്നു എന്നാണ് ഇവരുടെ വാദം.
ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാകിസ്താൻ്റെയും ഐഎസ്ഐയുടെയും (ISI) സ്വാധീനം ശക്തമാകുന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാരതത്തെ വളയുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ നടത്തുന്ന നീക്കങ്ങൾക്ക് ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകൾ വളമിടുന്നു. 1971-ൽ പാകിസ്താൻ്റെ ക്രൂരതകളിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കാൻ ഇന്ത്യ നൽകിയ ചോരയുടെയും വിയർപ്പിന്റെയും വില ഈ സംഘടനകൾ വിസ്മരിക്കുകയാണ്. ഭാരതത്തോടുള്ള ഈ പരസ്യമായ ‘നന്ദികേട്’ ഇന്ത്യക്കാരെ ഒന്നടങ്കം പ്രകോപിപ്പിക്കുന്നുണ്ട്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഭാരതം ശക്തമായി ആവശ്യപ്പെട്ടു കഴിഞ്ഞു.ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതിർത്തിയിൽ ബിഎസ്എഫ് (BSF) അതീവ ജാഗ്രതയിലാണ്. നുഴഞ്ഞുകയറ്റ നീക്കങ്ങളെ ചെറുക്കാൻ കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് വിദേശ ശക്തികൾ ഭാരതവിരുദ്ധ വികാരം കുത്തിവെക്കുകയാണെന്ന സംശയവും ശക്തമാണ്. അയൽരാജ്യത്തെ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മോദി സർക്കാർ. സഹായം മറന്നുള്ള ഈ പോക്ക് ബംഗ്ലാദേശിനെ കൂടുതൽ സാമ്പത്തിക-രാഷ്ട്രീയ തകർച്ചയിലേക്കേ എത്തിക്കൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.











Discussion about this post