ഭാരതത്തിന്റെ സമുദ്ര പാരമ്പര്യം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതിക്കൊണ്ട് ഒരു ചരിത്ര യാത്രയ്ക്ക് തുടക്കമാവുകയാണ്. എഞ്ചിനില്ലാതെ, ആണികളോ മറ്റ് ലോഹഭാഗങ്ങളോ ഉപയോഗിക്കാതെ തുന്നിയെടുത്ത ‘ഐഎൻഎസ്വി കൗണ്ഡിന്യ’ ഗുജറാത്തിലെ പോർബന്തറിൽ നിന്നും ഒമാനിലെ മസ്കറ്റിലേക്ക് തിരിക്കുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഭാരതത്തിലെ വ്യാപാരികൾ അറബിക്കടൽ കീഴടക്കിയ അതേ പാതയിലൂടെ, അതേ സാങ്കേതിക വിദ്യയുമായി ഇന്ത്യൻ നാവികസേന നടത്തുന്ന ഈ സമുദ്രയാത്ര ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
അഞ്ചാം നൂറ്റാണ്ടിലെ അജന്ത ഗുഹാചിത്രങ്ങളിൽ രേഖപ്പെടുത്തിയ കപ്പലുകളുടെ രൂപകൽപ്പനയിൽ നിന്നുമാണ് ‘കൗണ്ഡിന്യ’യ്ക്ക് ജീവൻ നൽകിയത്. ലോകത്ത് ഇന്ന് നിലവിലുള്ള ഏക ‘തുന്നിയ കപ്പൽ’ എന്ന സവിശേഷതയും ഇതിനുണ്ട്. ലോഹ ആണികൾക്ക് പകരം ചകിരികയറും ചകിരിനാരും ഉപയോഗിച്ച് മരപ്പലകകൾ തുന്നിച്ചേർത്താണ് ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
ആധുനിക യന്ത്രസാമഗ്രികളില്ലാതെ, വെറും കൈക്കരുത്ത് കൊണ്ട് കടൽ വിസ്മയങ്ങൾ തീർക്കുന്ന ബേപ്പൂരിലെ ‘ഖലാസി’മാരുടെയും ഉരു നിർമ്മാണ വിദഗ്ധരുടെയും മികവാണ് ഐഎൻഎസ്വി കൗണ്ഡിന്യ. പ്രശസ്തനായ ഉരുനിർമ്മതാവ് ബാബു ശങ്കരന്റെ നേതൃത്വത്തിൽ ബേപ്പൂരിലെ പരമ്പരാഗത കപ്പൽ നിർമ്മാണ തൊഴിലാളികളാണ് ഈ വിസ്മയം പൂർത്തിയാക്കിയത്. സമുദ്രജലത്തിലെ ഉപ്പിനെ പ്രതിരോധിക്കാൻ ആണികൾക്ക് പകരം കയറും പ്രകൃതിദത്തമായ പശകളും ഉപയോഗിക്കുന്ന പുരാതന ഭാരതീയ വിദ്യയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.
കേവലം ഒരു കപ്പൽ എന്നതിലുപരി ഭാരതത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളുടെ ഒരു സംഗമം കൂടിയാണ് ഈ നൗക.മൈസൂർ രാജവംശത്തിന്റെയും കടമ്പ രാജവംശത്തിന്റെയും പ്രതീകമായ ഇരട്ടത്തലയുള്ള കഴുകൻ കപ്പലിന്റെ പായയിലെ സാന്നിദ്ധ്യമാണ്. സിന്ധുനദീതട സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത് ഹാരപ്പൻ ശൈലിയിലുള്ള കല്ലുകൊണ്ടുള്ള നങ്കൂരമാണ്.കപ്പലിന്റെ മുൻഭാഗത്ത് (Bow) കാവൽ നിൽക്കുന്ന പുരാണ ജീവിയായ സിംഹ യാളി ഭാരതീയ കലയുടെ പ്രതീകമാണ്.
രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ നിന്നും കപ്പൽ കയറി കംബോഡിയയിൽ എത്തുകയും അവിടെ ‘ഫുനാൻ’ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്ത ഒരു ഭാരതീയ ബ്രാഹ്മണ പ്രഭുവാണ് കൗണ്ഡിന്യ. അദ്ദേഹമാണ് ഭാരതീയമായ നിയമങ്ങളും സംസ്കാരവും കലയും കടൽ കടന്ന് അവിടെ പ്രതിഷ്ഠിച്ചത്. തമിഴ്നാട്ടിലെ പല്ലവ സാമ്രാജ്യവുമായി കൗണ്ഡിന്യയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. സമാധാനപരമായ രീതിയിൽ കപ്പൽ മാർഗ്ഗം സഞ്ചരിച്ച് മറ്റൊരു രാജ്യത്ത് ഭാരതീയ സ്വാധീനം ഉറപ്പിച്ച കൗണ്ഡിന്യയുടെ പേര് ഈ കപ്പലിന് നൽകുക വഴി, ഭാരതത്തിൻ്റെ നയതന്ത്ര ചരിത്രത്തെയാണ് നാവികസേന ആദരിക്കുന്നത്.
നരേന്ദ്ര മോദി സർക്കാരിന്റെ ‘പ്രോജക്ട് മൗസം’ സാഗർ എന്നീ പദ്ധതികളുടെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. സമുദ്ര വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന ആധിപത്യം വീണ്ടെടുക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിൽ. ഇന്ത്യൻ ചരിത്രം എപ്പോഴും നിശബ്ദമായിരുന്നുവെന്ന് പറയുന്നവർക്കുള്ള മറുപടിയാണിത്. നാഗരികതയ്ക്കായി മറ്റുള്ളവരെ കാത്തുനിൽക്കുന്നവരല്ലായിരുന്നു ഭാരതീയർ; ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ കടൽ കടന്ന് സാമ്രാജ്യങ്ങൾ പടുത്തുയർത്തിയ നാവികരായിരുന്നു നമ്മൾ,” എന്ന് ഈ പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക വിദഗ്ധനും ചരിത്രകാരനുമായ സഞ്ജീവ് സന്യാൽ വ്യക്തമാക്കി.
പതിനഞ്ചോളം നാവികസേനാ ഉദ്യോഗസ്ഥരാണ് കൗണ്ഡിന്യയിലുള്ളത്. എഞ്ചിനില്ലാത്തതിനാൽ കാറ്റിന്റെ ഗതി നോക്കി പായകൾ നിയന്ത്രിച്ചും തുഴഞ്ഞും വേണം ലക്ഷ്യസ്ഥാനത്തെത്താൻ. പുരാതന കാലത്ത് എങ്ങനെയാണ് ഭാരതീയർ മസ്കറ്റിലും ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലും എത്തിയത് എന്ന് ശാസ്ത്രീയമായി തെളിയിക്കുക കൂടിയാണ് ഈ പരീക്ഷണയാത്രയുടെ ലക്ഷ്യം.











Discussion about this post