2026-ൽ ദക്ഷിണേഷ്യൻ മേഖലയിൽ വലിയ തോതിലുള്ള സൈനിക സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് പ്രശസ്ത അമേരിക്കൻ തിങ്ക് ടാങ്കായ ‘കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ്’ (CFR) പുറത്തുവിട്ട റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനും തമ്മിലും, പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലും പോരാട്ടങ്ങൾ ഉണ്ടായേക്കാമെന്നാണ് ‘കോൺഫ്ലിക്റ്റ്സ് ടു വാച്ച് ഇൻ 2026’ എന്ന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.
കാശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാകുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സമയം ട്രംപ് ഭരണകൂടം ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്കും വിശ്വസ്തമായ വലതുപക്ഷ നയങ്ങൾക്കും പിന്തുണ നൽകാനാണ് സാധ്യത. പാകിസ്താൻ നയിക്കുന്ന ‘പ്രോക്സി വാർ’ അവസാനിപ്പിക്കാൻ അമേരിക്ക നൽകുന്ന സമ്മർദ്ദം മേഖലയിൽ അനിശ്ചിതത്വം വർധിപ്പിച്ചേക്കാം. ഭീകരവാദത്തെ ആയുധമാക്കുന്ന പാകിസ്താൻ നയം മാറാത്ത പക്ഷം, തങ്ങളുടെ മണ്ണും ജനങ്ങളെയും സംരക്ഷിക്കാൻ ഇന്ത്യ കനത്ത പ്രത്യാക്രമണം നടത്തുമെന്ന സൂചനയാണ് ആഗോള തലത്തിൽ പുറത്തുവരുന്നത്.
ഇന്ത്യയുമായി മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായും പാകിസ്താൻ കടുത്ത സംഘർഷത്തിലാണ്. അതിർത്തിയിലെ ഭീകരവാദത്തെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവെപ്പുകളിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു. ഡ്യൂറന്റ് ലൈനിനെച്ചൊല്ലിയുള്ള തർക്കവും ടിടിപി (TTP) ഭീകരർക്ക് അഫ്ഗാൻ നൽകുന്ന സംരക്ഷണവും പാകിസ്താനെ കുരുക്കിലാക്കുന്നു. ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് വലിയ തോതിൽ മാനുഷിക സഹായം എത്തിക്കുന്നതും താലിബാനുമായി സാങ്കേതിക ബന്ധം നിലനിർത്തുന്നതും തങ്ങളെ വളയാനുള്ള നീക്കമാണെന്ന പാകിസ്താൻ്റെ ഭീതിയാണ് മറ്റൊരു കാരണം.
2025-ൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള ശക്തമായ തിരിച്ചടികൾ പാകിസ്താനെ സൈനിക കേന്ദ്രങ്ങളെ ഉലച്ചിട്ടുണ്ട്. ഭീകരവാദത്തിന് പാലൂട്ടുന്ന പാക് നയം തിരുത്താതെ ചർച്ചയ്ക്കില്ലെന്ന മോദി സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നയതന്ത്ര ശൈലി പാകിസ്താനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്.
സിന്ധു നദീജല കരാർ താൽക്കാലികമായി മരവിപ്പിക്കാനും നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കാനുമുള്ള ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താൻ്റെ സാമ്പത്തിക-പ്രതിരോധ നട്ടെല്ലൊടിക്കുന്നതാണ്. ഭീകരവാദത്തെ ഭരണകൂടം സ്പോൺസർ ചെയ്യുന്ന കാലത്തോളം അയൽരാജ്യത്തോട് ദയ വേണ്ടെന്ന ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.











Discussion about this post