ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ നാലാം സ്ഥാനത്തേക്ക് ഔദ്യോഗികമായി എത്തി ഇന്ത്യ. ഇന്ത്യൻ ജിഡിപി 4.18 ട്രില്യൺ ഡോളറിലെത്തിയതോടെ ആണ് ഇന്ത്യ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2030ഓടെ ഇന്ത്യ ജർമനിയെയും മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസർക്കാർ സൂചിപ്പിച്ചു.
മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ അമേരിക്കയും ചൈനയും ജർമ്മനിയും കഴിഞ്ഞാൽ നാലാം സ്ഥാനത്തായാണ് ഇപ്പോൾ ഇന്ത്യ ഉള്ളത്. “4.18 ട്രില്യൺ ഡോളർ ജിഡിപി മൂല്യത്തോടെ, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി, അടുത്ത 2.5 മുതൽ 3 വർഷത്തിനുള്ളിൽ 2030 ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി വളർച്ചയോടെ ജർമ്മനിയെ മൂന്നാം സ്ഥാനത്ത് നിന്ന് മറികടക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്,” എന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
2025-26 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ വളർച്ചാ വേഗതയെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ ജിഡിപി ആറ് പാദത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വികസിച്ചതായി വ്യക്തമാക്കുന്നു. ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ച മുന്നോട്ട് തന്നെ കുതിക്കുകയാണ്. പണപ്പെരുപ്പം താഴ്ന്ന സഹിഷ്ണുതയ്ക്ക് താഴെയായി തുടരുന്നത്, തൊഴിലില്ലായ്മ കുറയുന്നത്, കയറ്റുമതി പ്രകടനം മെച്ചപ്പെടുത്തൽ എന്നിവ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കുന്ന ഉയർന്ന ആവൃത്തി സൂചകങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.










Discussion about this post