ഇന്ത്യൻ റെയിൽവേയുടെ വിപ്ലവകരമായ കുതിപ്പിന് സാക്ഷ്യം വഹിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിക്കുമ്പോഴും യാത്രക്കാർക്ക് ഒട്ടും കുലുക്കമില്ലാത്ത യാത്ര ഉറപ്പാക്കുന്ന ‘വാട്ടർ ടെസ്റ്റ്’ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കോട്ട-നഗ്ദ സെക്ഷനിലെ റെയിൽവേ ട്രാക്കുകളിലൂടെയായിരുന്നു അതിവേഗ പരീക്ഷണം. ട്രെയിനിന്റെ വേഗതയും സുസ്ഥിരതയും അളക്കുന്നതിനായാണ് വാട്ടർ ടെസ്റ്റ് നടത്തിയത്.
പുറത്ത് വന്ന വീഡിയോയിൽ വീഡിയോയിൽ, പരസ്പരം അടുക്കിവെച്ചിരിക്കുന്ന വെള്ളം നിറഞ്ഞ ഗ്ലാസുകൾ 180 കിലോമീറ്ററിലധികം വേഗതയിലും ഒരു തുള്ളി പോലും പുറത്തേക്ക് തെറിക്കാതെ ഇരിക്കുന്നത് കാണാം. മൊബൈൽ സ്ക്രീനിൽ ട്രെയിനിന്റെ വേഗത 182 കി.മീ വരെ ഉയരുന്നത് വ്യക്തമാണ്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലായിരുന്നു ഈ നിർണ്ണായക പരിശോധന. “റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ വന്ദേ ഭാരത് സ്ലീപ്പർ ഇന്ന് വിജയകരമായി പരീക്ഷിച്ചു. 180 കി.മീ വേഗതയിലായിരുന്നു കോട്ട-നഗ്ദ സെക്ഷനിലെ ഓട്ടം.
നമ്മുടെ ഈ പുത്തൻ തലമുറ ട്രെയിനിന്റെ സാങ്കേതിക മികവ് വാട്ടർ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടു,” എന്ന് മന്ത്രി എക്സിൽ കുറിച്ചു. ദീർഘദൂര യാത്രകൾക്ക് പുതിയ മാനം നൽകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ തന്നെ രാജ്യത്തെ വിവിധ റൂട്ടുകളിൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സുഖസൗകര്യങ്ങളിലും വേഗതയിലും രാജ്യാന്തര നിലവാരത്തിലുള്ള യാത്രാനുഭവമാണ് സ്ലീപ്പർ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.












Discussion about this post