ക്രിക്കറ്റ് ലോകത്തെ ഏറ്റവും നാണംകെടുത്തുകയും ആരാധകരെ ഞെട്ടിക്കുകയും ചെയ്ത സംഭവമായിരുന്നു 2010-ലെ ലോർഡ്‌സ് സ്പോട്ട് ഫിക്സിംഗ് വിവാദം. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്‌സിൽ വെച്ച് പാകിസ്ഥാൻ താരങ്ങൾ ഒത്തുകളിയിൽ ഏർപ്പെട്ടത് ഒരുപാട് ആളുകൾക്ക് ക്രിക്കറ്റ് എന്ന ഗമിനോടുള്ള സ്നേഹം കുറയാൻ തന്നെ കാരണമായി.
ബ്രിട്ടീഷ് പത്രമായ ‘ന്യൂസ് ഓഫ് ദി വേൾഡ്’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഈ വിവരം ലോകമറിഞ്ഞത്. ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ഈ ഓപ്പറേഷൻ നടന്നത്. ‘ന്യൂസ് ഓഫ് ദി വേൾഡ്’ റിപ്പോർട്ടർ ഒരു ഇന്ത്യൻ ബിസിനസുകാരനായി ചമഞ്ഞ് വാതുവെപ്പുകാരനായ മഷർ മജീദിനെ കണ്ടു. വിശ്വാസം വരാനായി മജീദ് തന്റെ പക്കലുള്ള നോട്ടുകെട്ടുകൾ റിപ്പോർട്ടർക്ക് കാണിച്ചുകൊടുത്തു. ലോർഡ്‌സ് ടെസ്റ്റിലെ മൂന്ന് പന്തുകൾ കൃത്യമായി എപ്പോൾ ‘നോ ബോൾ’ ആകുമെന്ന് മജീദ് പറഞ്ഞു. ഇതിന് പകരമായി 1,50,000 പൗണ്ട് (ഏകദേശം 1.5 കോടി രൂപ) അദ്ദേഹം കൈപ്പറ്റി.
മത്സരത്തിലെ ഏത് ഓവറിലെ എത്രാമത്തെ പന്ത് ‘നോ ബോൾ’ ആകുമെന്ന് മഷർ മജീദ് മുൻകൂട്ടി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാൻ ബൗളർമാരായ മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫും കൃത്യം ആ പന്തുകളിൽ തന്നെ വലിയ നോ ബോളുകൾ എറിഞ്ഞു. ലൈനിന് വളരെ പുറത്തായിരുന്നു ആ പന്തുകൾ വീണത്. ഇത് ടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞു. എങ്ങനെയാണ് ഇങ്ങനെ ഒകെ നോ ബോൾ എറിയുക എന്ന് കാണുന്ന കാണികൾക്കും മത്സരം ടി വിയിൽ കാണുന്ന ആളുകൾക്കും തോന്നുന്ന രീതിയിലായിരുന്നു പന്തെറിഞ്ഞത് എന്ന് പറയാം.
വാർത്ത പുറത്തുവന്ന ഉടൻ തന്നെ ബ്രിട്ടീഷ് കുറ്റാന്വേഷണ ഏജൻസിയായ സ്കോട്ട്ലൻഡ് യാർഡ് ഹോട്ടലിൽ റെയ്ഡ് നടത്തി. കളിക്കാരുടെ പക്കൽ നിന്ന് വലിയ തുകകൾ കണ്ടെടുത്തു. സൽമാൻ ബട്ടിന്റെ ഡയറിയിൽ നിന്ന് വാതുവെപ്പുകാരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ലഭിച്ചു. ലോകകപ്പ് കഴിഞ്ഞ ഉടനെ നടന്ന ഈ പര്യടനം പാകിസ്ഥാൻ ക്രിക്കറ്റിന് വലിയ നാണക്കേടായി.
മൂന്ന് താരങ്ങളെയും 2011 ൽ സൗത്ത്വാർക്ക് ക്രൗൺ കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ നൽകി. അതിലേറ്റവും കുറവ് ശിക്ഷ ലഭിച്ചത് ലോകത്തെ ഏറ്റവും മികച്ച യുവ ബൗളറായി വളർന്നുവന്ന ആമിറിന് ആയിരുന്നു. നായകൻ സൽമാൻ ബട്ട് താരത്തെ ഇതിലേക്ക് വലിച്ചിടുകയായിരുന്നു എന്നതാണ് അന്ന് വന്ന വാർത്ത. എന്തായാലും ഒരുപാട് വർഷത്തെ വിലക്കിന് ശേഷം 2016-ൽ ആമിർ പാകിസ്ഥാൻ ടീമിൽ തിരിച്ചെത്തി. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.













Discussion about this post