ബേൺ : സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നതായി റിപ്പോർട്ട്. നൂറിലേറെ പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സ്വിസ് ആൽപ്സിന്റെ മധ്യത്തിലുള്ള ക്രാൻസ്-മൊണ്ടാന നഗരത്തിലെ ഒരു സ്കീ റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. പുതുവത്സര ആഘോഷങ്ങൾ നടന്നിരുന്ന റിസോർട്ടിലെ ബാറിനുള്ളിൽ ആയാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്.
സംഭവത്തിൽ ഭീകരാക്രമണ സാധ്യത സ്വിസ് പോലീസ് തള്ളി. തീപിടുത്തത്തിന് ഉള്ള സാധ്യതയാണ് ഉള്ളതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളായ വിനോദസഞ്ചാരികളാണ്.
പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും 16 നും 26 നും ഇടയിൽ പ്രായമുള്ളവരാണ്.
പടിഞ്ഞാറ് ഫ്രഞ്ച് അതിർത്തിക്കും തെക്ക് ഇറ്റാലിയൻ അതിർത്തിക്കും അടുത്തായുള്ള ഒരു മേഖലയിലെ റിസോർട്ടിലാണ് അപകടം നടന്നത്. ഇവിടെ ഉണ്ടായിരുന്നവരിൽ ഫ്രഞ്ചുകാരും ഇറ്റാലിയൻ പൗരന്മാരും ആയിരുന്നു കൂടുതൽ പേരും എന്നാണ് സൂചന. ഇറ്റാലിയൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു.











Discussion about this post