ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നതിനെതിരെ കടുത്ത നിലപാടുമായി നരേന്ദ്ര മോദി സർക്കാർ. ഇത് സംബന്ധിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘എക്സ്’ പ്ലാറ്റ്‌ഫോമിന് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. എക്സിന്റെ എഐ സേവനമായ ‘ഗ്രോക്ക്’ ഉപയോഗിച്ച് സ്ത്രീകളുടെ വ്യാജവും അപകീർത്തികരവുമായ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്നതായുള്ള പരാതിയിലാണ് നടപടി.
ഐടി നിയമങ്ങളും (2000), 2021-ലെ ഐടി റൂൾസും ലംഘിച്ച എക്സ് കോർപ്പറേഷൻ അടുത്ത 72 മണിക്കൂറിനുള്ളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് (ATR) സമർപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. ഗ്രോക്ക് വഴി നിർമ്മിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ സ്ത്രീകളുടെ മാന്യതയെയും സ്വകാര്യതയെയും ഹനിക്കുന്നതാണെന്ന് കേന്ദ്രം നിരീക്ഷിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള റിപ്പോർട്ടിംഗ് ബാധ്യതകൾ എക്സ് പാലിക്കുന്നുണ്ടോ എന്നും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്.
സ്ത്രീകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എഐ സാങ്കേതികവിദ്യയിലൂടെ നഗ്നചിത്രങ്ങളാക്കി മാറ്റുന്ന ക്രൂരമായ പ്രവണത എക്സിൽ വർധിച്ചുവരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ലൈംഗിക അതിക്രമങ്ങളെ സാധാരണവൽക്കരിക്കാൻ ഇടയാക്കും. ഇത്തരം നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കുന്നത് തടയാൻ ഗ്രോക്കിന്റെ സാങ്കേതിക സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്താൻ സർക്കാർ നിർദ്ദേശിച്ചു.
“നിയമവിരുദ്ധമായ ഉള്ളടക്കം ഉടനടി നീക്കം ചെയ്യണം. കുറ്റവാളികളെ വെറുതെ വിടരുത്. നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഐടി ആക്ട് 79-ാം വകുപ്പ് പ്രകാരമുള്ള ‘സേഫ് ഹാർബർ’ സംരക്ഷണം എക്സിന് നഷ്ടമാകും. ക്രിമിനൽ നടപടികൾക്ക് പുറമെ പോക്സോ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനുള്ള നിയമം എന്നിവ പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കും.” – കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.
ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ കത്താണ് നടപടികൾക്ക് വേഗം കൂട്ടിയത്. ഗ്രോക്ക് എഐ വഴി സ്ത്രീകളുടെ വസ്ത്രങ്ങൾ ഡിജിറ്റലായി നീക്കം ചെയ്യുന്നതും അവരെ ലൈംഗികമായി ചിത്രീകരിക്കുന്നതും തടയണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസ്സിനും വെല്ലുവിളിയാകുന്ന ഇത്തരം ‘ടെക്നോളജി ദുരുപയോഗങ്ങൾ’ കണ്ടില്ലെന്ന് നടിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ.












Discussion about this post