ഇന്ത്യയുടെ അഖണ്ഡതയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും വെല്ലുവിളിയായി രാജ്യത്ത് ‘വൈറ്റ് കോളർ ഭീകരത’ പടരുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മൂല്യബോധമില്ലാത്ത ഉന്നത വിദ്യാഭ്യാസം സമൂഹത്തിന് ശാപമാണെന്നും, ഉന്നത ബിരുദധാരികൾ രാജ്യവിരുദ്ധ ശക്തികളുടെ ചട്ടുകങ്ങളായി മാറുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉദയ്പൂരിലെ ഭൂപൽ നോബിൾസ് സർവ്വകലാശാലയുടെ 104-ാം സ്ഥാപക ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തെ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ രൂക്ഷവിമർശനം. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറും പിടിയിലായ മറ്റ് പ്രതികളും ഉന്നത വിദ്യാഭ്യാസമുള്ള ഡോക്ടർമാരായിരുന്നു എന്നത് നടുക്കുന്ന വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”ഇന്ന് രാജ്യത്ത് വൈറ്റ് കോളർ ഭീകരതയുടെ ഭയാനകമായ ഒരു തരംഗം ആഞ്ഞടിക്കുന്നു. ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെയുള്ളവർ സമൂഹത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയത് ഡോക്ടർമാരാണ്. രോഗികൾക്ക് മരുന്നെഴുതി നൽകേണ്ട കുറിപ്പടിയിൽ ‘Rx’ എന്ന് എഴുതേണ്ടവരുടെ കൈകളിൽ ഇന്ന് ആർഡിഎക്സ് (RDX) ഇരിക്കുന്നു. അറിവിനൊപ്പം സ്വഭാവശുദ്ധിയും മൂല്യങ്ങളും ഉണ്ടാകേണ്ടതിന്റെ അത്യന്താപേക്ഷിതമായ ആവശ്യകതയാണ് ഇത് തെളിയിക്കുന്നതെന്ന്” രാജ്‌നാഥ് സിംഗ് പറഞ്ഞു.
നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച i20 കാർ പൊട്ടിത്തെറിച്ച് 15 പേർ കൊല്ലപ്പെട്ടിരുന്നു. അൽ-ഫലാ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. ഉമർ-ഉൻ-നബിയാണ് സ്ഫോടനം നടത്തിയത്. തുടർന്ന് നടന്ന എൻഐഎ അന്വേഷണത്തിലാണ് ഡോക്ടർമാർ മാത്രം അടങ്ങുന്ന ‘വൈറ്റ് കോളർ’ ഭീകര ശൃംഖലയെക്കുറിച്ച് വിവരം ലഭിക്കുന്നത്. മുസമ്മിൽ ഗനായ്, അദീൽ റാഥർ, ഷഹീന സയീദ് എന്നീ ഡോക്ടർമാരെയും ഫരീദാബാദിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരത്തോടൊപ്പം അന്വേഷണസംഘം പിടികൂടിയിരുന്നു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം പ്രൊഫഷണൽ വിജയമല്ല, മറിച്ച് ധാർമ്മികതയുടെയും മാനുഷിക മൂല്യങ്ങളുടെയും വികാസമാണെന്ന് പ്രതിരോധ മന്ത്രി ഓർമ്മിപ്പിച്ചു. വിനയവും സ്വഭാവബോധവും ‘ധർമ്മവും’ പകർന്നുനൽകാത്ത വിദ്യാഭ്യാസ സമ്പ്രദായം അപൂർണ്ണമാണ്. മതം എന്നാൽ കേവലം ആരാധനാലയങ്ങളിൽ പോകുന്നതല്ല, മറിച്ച് അത് കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഇന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും 2030-ഓടെ മൂന്നാം സ്ഥാനത്തെത്തുമെന്നുമുള്ള ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. ഈ കുതിപ്പിന് പിന്നിൽ കരുത്തായി മാറേണ്ടത് ദേശീയബോധമുള്ള യുവതലമുറയാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.












Discussion about this post