പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ അതിശക്തമായ ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ തങ്ങൾ മധ്യസ്ഥത വഹിച്ചു എന്ന ചൈനയുടെ വാദത്തെ ശരിവെച്ച് പാകിസ്താൻ. മെയ് മാസത്തിൽ അതിർത്തിയിൽ സംഘർഷം കൊടുമ്പിരിക്കൊണ്ടപ്പോൾ ചൈനീസ് നേതൃത്വം ഇടപെട്ടതായും ഇരുരാജ്യങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയതായും പാക് വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി അവകാശപ്പെട്ടു.
നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലാണ് സംഘർഷം കുറച്ചതെന്ന് പറഞ്ഞിരുന്ന പാകിസ്താൻ, ഇപ്പോൾ ചൈനയെ പുകഴ്ത്തി രംഗത്തെത്തിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മെയ് 6 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും സംഘവും സജീവമായി ഇടപെട്ടു എന്നാണ് പാക് വാദം. ഭാരതത്തിന്റെ പ്രഹരശേഷിയിൽ ഭയന്ന പാകിസ്താൻ രക്ഷയ്ക്കായി ചൈനയുടെ സഹായം തേടിയിരുന്നു എന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരമായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര താവളങ്ങൾ തകർത്തെറിഞ്ഞ ഈ ദൗത്യത്തിൽ യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ് തുടങ്ങി നൂറിലധികം ഭീകരരെ സൈന്യം വധിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നാണ് ചൈനയുടെ മധ്യസ്ഥത എന്ന വാദവുമായി പാകിസ്താൻ ഇപ്പോൾ പുറത്തുവരുന്നത്.
എന്നാൽ ചൈനയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അതിർത്തിയിലെ വെടിനിർത്തൽ ധാരണ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒ (DGMO) തലത്തിൽ നേരിട്ട് നടത്തിയ ആശയവിനിമയത്തിലൂടെ മാത്രമാണ് ഉണ്ടായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.











Discussion about this post