ന്യൂഡൽഹി : ദേശീയ തൊഴിലുറപ്പ് നിയമങ്ങളിൽ മാറ്റം വരുത്തുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിബി-ജി റാം-ജി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്. ജനുവരി 10 മുതൽ ഫെബ്രുവരി 25 വരെ രാജ്യവ്യാപകമായി ‘എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാം’ എന്ന പേരിൽ പ്രക്ഷോഭം നടത്താനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ദരിദ്രർക്കും തൊഴിലാളികൾക്കും വിരുദ്ധമായ നിയമമായതിനാലാണ് പ്രക്ഷോഭം നടത്തുന്നത് എന്നാണ് കോൺഗ്രസ് പറയുന്നത്.
പുതിയ നിയമപ്രകാരം തൊഴിൽ ഇനി അവകാശമായിരിക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയറാം രമേശും സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. പുതിയ വിബി-ജി റാം ജി ആക്ടിലൂടെ കേന്ദ്രം സമ്പൂർണ്ണ കേന്ദ്രീകരണം ആണ് നടത്തുന്നത്. അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമത്തിൽ നിന്ന് പൂർണ്ണമായും കേന്ദ്രീകൃത പദ്ധതിയായി എം.എൻ.ആർ.ഇ.ജി.എയെ മാറ്റാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വീക്ഷിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ നിയമം പിൻവലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക ഇനി ആവശ്യങ്ങൾ ഉന്നയിച്ചായിരിക്കും പ്രതിഷേധമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. വിബി-ജി റാം ജി നിയമം നടപ്പിലാക്കാൻ കഴിയില്ലെന്നും ഇത് രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് വിരുദ്ധമാണെന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ജയറാം രമേശ് അവകാശപ്പെട്ടു. ജനുവരി 10 ന് ജില്ലാതല പത്രസമ്മേളനങ്ങൾ നടത്തുമെന്നും തുടർന്ന് ജനുവരി 11 ന് ജില്ലാ ആസ്ഥാനത്ത് ഒരു ദിവസത്തെ ഉപവാസവും പ്രതീകാത്മക പ്രതിഷേധവും നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ജനുവരി 12 മുതൽ 29 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് തല ചൗപാലുകളും ബഹുജന സമ്പർക്ക പരിപാടികളും സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. ഫെബ്രുവരി 16 നും 25 നും ഇടയിൽ നാല് പ്രധാന റാലികൾ നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.









Discussion about this post