റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടർന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കടുത്ത നികുതി ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് വലിയ കാര്യമാണെന്നും എന്നാൽ ഈ വിഷയത്തിൽ തന്റെ അപ്രീതി മോദിക്ക് അറിയാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
“റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇന്ത്യ സഹായിക്കുന്നില്ലെങ്കിൽ ഞങ്ങൾ തീരുവവർദ്ധിപ്പിക്കും. മോദി ഒരു നല്ല മനുഷ്യനാണ്, എങ്കിലും ഞാൻ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിനറിയാം,” ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ പണം നൽകുന്നു എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി പൂർണ്ണമായി നിയന്ത്രിച്ചില്ലെങ്കിൽ ഏത് നിമിഷവും ഇന്ത്യയ്ക്ക് മേൽ വ്യാപാര നികുതി ഉയർത്താൻ മടിക്കില്ലെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. നിലവിൽ ചില ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം വരെ നികുതി യുഎസ് ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ നികുതി ഏർപ്പെടുത്തിയ യുഎസ് നടപടി ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ, സ്വന്തം ജനതയുടെ ക്ഷേമത്തിനായി കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടി ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. എന്നാൽ, അമേരിക്കയുമായുള്ള വ്യാപാര ബന്ധം തകരാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇന്ത്യ സജീവമാക്കിയിട്ടുണ്ട്.










Discussion about this post