എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മന്നത്ത് പത്മനാഭന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തിയ ഗവർണർ, സമാധിമണ്ഡപം ഒരാളുടെയും കുത്തകയല്ലെന്നും ഓർമ്മിപ്പിച്ചു. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിലായിരുന്നു ഗവർണറുടെ രൂക്ഷവിമർശനം.
താൻ ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് അനുഗ്രഹം തേടി പെരുന്നയിലെത്തിയപ്പോൾ നേരിട്ട ദുരനുഭവമാണ് ആനന്ദബോസ് വിവരിച്ചത്. “മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുക എന്നത് ഓരോ നായർ സമുദായ അംഗത്തിന്റെയും അവകാശമാണ്. ഞാനൊരു കരയോഗം നായരാണ്. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നത്. അവിടെ പോയപ്പോൾ ചായ തന്നു സ്വീകരിച്ചു, പക്ഷേ സമാധിയിൽ പുഷ്പാർച്ചന നടത്താൻ മാത്രം അനുവാദം തന്നില്ല.”-ആനന്ദബോസ് പറഞ്ഞു.
” എല്ലാനായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും താനൊരു കരയോഗം നായരെന്നും സിവി ആനന്ദബോസ് പറയുന്നു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും ഗവർണർ രൂക്ഷഭാഷയിൽ പ്രതികരിച്ചു. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ? ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ഗവർണർ പെരുന്നയിലുണ്ടായത് സങ്കടകരമായ സംഭവമെന്നും ചൂണ്ടിക്കാട്ടി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയാണ് ഗവർണറുടെ വിമർശനം.
മന്നത്ത് പത്മനാഭന്റെ സ്മരണാർത്ഥം ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഒരു സ്മാരകം നിർമ്മിക്കണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. ഇതിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.











Discussion about this post