ലോകത്തെ ഞെട്ടിച്ച സൈനിക നീക്കത്തിലൂടെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനിസ്വേലയിലെ ഇടക്കാല ഭരണകൂടം വാഷിംഗ്ടണിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ‘രണ്ടാം ഘട്ട’ ആക്രമണം ഉടൻ ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ വെനിസ്വേലയുടെ നിയന്ത്രണം തങ്ങൾക്കാണെന്നും രാജ്യം ശരിയാക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് അവകാശപ്പെട്ടു.
മഡുറോയുടെ അറസ്റ്റിന് ശേഷം വെനിസ്വേലയിൽ ആര് ഭരിക്കുമെന്ന ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി ഇതായിരുന്നു: “ഇപ്പോൾ അവിടെ ആരാണ് ഭരിക്കുന്നതെന്ന് എന്നോട് ചോദിക്കരുത്. ഞാൻ നൽകുന്ന ഉത്തരം വിവാദമായേക്കാം, എങ്കിലും നിലവിൽ കാര്യങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ്.” ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ അവർ വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി.
വെനിസ്വേലയുടെ തകർച്ചയ്ക്ക് കാരണം മഡുറോയുടെ വർഷങ്ങൾ നീണ്ട ഭരണമാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, രാജ്യത്തെ വൻതോതിലുള്ള എണ്ണ നിക്ഷേപത്തിന്മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണം വേണമെന്ന ആവശ്യവും ആവർത്തിച്ചു.
അതേസമയം, അമേരിക്കയുടേത് ‘സാമ്രാജ്യത്വ അധിനിവേശ’മാണെന്ന് വെനിസ്വേലൻ പ്രതിരോധ മന്ത്രി വ്ലാഡിമിർ പാഡ്രിനോ ലോപ്പസ് ആരോപിച്ചു. മഡുറോയെ വിട്ടുനൽകണമെന്നും ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മഡുറോയുടെ മകൻ നിക്കോളാസ് എർണസ്റ്റോ മഡുറോ ഗുവേരയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ആക്രമണ ഭീതിയേറിതോടെ സൂപ്പർമാർക്കറ്റുകൾക്കും മരുന്നുകടകൾക്കും മുന്നിൽ ജനങ്ങളുടെ വൻ ക്യൂവാണ് അനുഭവപ്പെടുന്നത്.









Discussion about this post