ന്യൂഡൽഹി: ഭാരതീയ സംസ്കാരത്തിന്റെയും നാഗരികതയുടെയും ഉന്നതമായ പ്രതീകമാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമനാഥ ജ്യോതിർലിംഗത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ തികയുന്ന 2026-ന്റെ പശ്ചാത്തലത്തിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത്.
ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കും തകർക്കലുകൾക്കും വിധേയമായിട്ടും സോമനാഥ ക്ഷേത്രം ഇന്നും തലയുയർത്തി നിൽക്കുന്നത് ഭാരതത്തിന്റെ അജയ്യമായ ആത്മവീര്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം കുറിച്ചു.”ജയ് സോമനാഥ്! എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹത്തിൻറെ കുറിപ്പ് ആരംഭിക്കുന്നത്. നമ്മുടെ വിശ്വാസത്തിന്റെ പുണ്യകേന്ദ്രമായ സോമനാഥ ജ്യോതിർലിംഗത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന് 2026-ൽ ആയിരം വർഷം തികയുകയാണ്. പലതവണ ആക്രമിക്കപ്പെട്ടിട്ടും സോമനാഥ ക്ഷേത്രം ഇന്നും തലയുയർത്തി ഉറച്ചുനിൽക്കുന്നു!”
സ്വന്തം സംസ്കാരത്തിനും നാഗരികതയ്ക്കും എന്നും പ്രഥമസ്ഥാനം നൽകിയ ഭാരതമാതാവിന്റെ കോടിക്കണക്കിന് ധീരസന്താനങ്ങളുടെ ആത്മാഭിമാനത്തിന്റെയും അജയ്യമായ ധൈര്യത്തിന്റെയും കഥയാണ് സോമനാഥ ക്ഷേത്രമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ചരിത്രത്തിൽ 1026-ൽ നടന്ന വിനാശകരമായ ആക്രമണങ്ങളെ അതിജീവിച്ച് ക്ഷേത്രം വീണ്ടും ഉയർത്തെഴുന്നേറ്റത് അജയ്യമായ ഭാരതീയ മനസ്സിന്റെ പ്രതീകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങളെയും കോളനിവാഴ്ചയെയും അതിജീവിച്ച് ഇന്ന് ലോകത്തെ തിളക്കമാർന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നതിനും പിന്നിൽ ഇതേ ആത്മവീര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോമനാഥിലെ വിശ്വാസത്തിന്റെ ഈ ആയിരം വർഷങ്ങളെ ആഘോഷിക്കുന്നതിനായി ‘സോമനാഥ് സ്വാഭിമാൻ പർവ്’ എന്ന പേരിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.












Discussion about this post