ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി പാകിസ്താൻ മാറുന്നുവെന്ന ഇന്ത്യയുടെ മുന്നറിയിപ്പുകൾ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഹമാസ് നേതാവ് ഖാലിദ് മഷാലിന്റെ പ്രത്യേക പ്രതിനിധി നാജി സഹീർ പാക് പഞ്ചാബ് പ്രവിശ്യയിലുള്ള ഗുജ്‌റൻവാലയിലെ ലഷ്കർ-ഇ-തൊയ്ബ ഭീകര ക്യാമ്പിൽ മുഖ്യാതിഥിയായി എത്തിയതായാണ് വിവരം.
കഴിഞ്ഞ ഒക്ടോബർ 7-ന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് പിന്നാലെ നാജി സഹീർ പാകിസ്താനിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ നിരോധിത ഭീകര സംഘടനകളായ ലഷ്കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ നേതാക്കളുമായി ഇയാൾ വേദി പങ്കിട്ടതായി മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താൻ്റെ ചാരസംഘടനയായ ഐഎസ്ഐ ഹമാസ് ഭീകരർക്ക് രഹസ്യമായി സൈനിക പരിശീലനം നൽകുന്നതായും സൂചനയുണ്ട്. ഗാസയെയും കശ്മീരിനെയും ഒരേ തട്ടിൽ അളക്കുന്ന ലഷ്കർ കമാൻഡർ അബു മൂസയുടെ വീഡിയോകൾ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. “ഇസ്രായേലിനെ മുട്ടുകുത്തിച്ചാൽ അടുത്ത ലക്ഷ്യം കശ്മീരായിരിക്കും” എന്ന ഭീകരരുടെ വെല്ലുവിളി ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന ഗാസാ സമാധാന പദ്ധതി പ്രകാരം ഗാസയിൽ സമാധാന സേനയെ വിന്യസിക്കാൻ പാകിസ്താൻ്റെ സഹായം യുഎസ് തേടിയിട്ടുണ്ട്. ഇതിനായി പാക് സൈനിക മേധാവി ജനറൽ ആസിം മുനീർ വാഷിംഗ്ടൺ സന്ദർശിക്കാനിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ ഗാസയിലെ പുനർനിർമ്മാണത്തിനും സമാധാന പാലനത്തിനുമായി പാക് സൈനികരെ അയക്കുകയെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ സ്വന്തം നാട്ടിലെ ഭീകര സംഘടനകളുടെ പ്രതിഷേധം ഭയന്ന് പാകിസ്താൻ ഇതിൽ മടിച്ചുനിൽക്കുകയാണ്.ഹമാസിനെ നിരായുധരാക്കുന്നത് തങ്ങളുടെ പണിയല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കിക്കഴിഞ്ഞു. ഭീകരവാദികളെ സംരക്ഷിക്കുകയും അതേസമയം ലോകത്തിന് മുന്നിൽ സമാധാന സേനയുടെ മുഖംമൂടി അണിയാൻ ശ്രമിക്കുകയും ചെയ്യുന്ന പാകിസ്താൻ്റെ നയം അന്താരാഷ്ട്ര തലത്തിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹമാസ് ഭീകരർക്ക് പാകിസ്താൻ സുരക്ഷിത താവളം ഒരുക്കുന്നത് ഇന്ത്യയുടെയും ഇസ്രായേലിന്റെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.










Discussion about this post