ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടാൻ പോകുന്ന മറ്റൊരു ദിനത്തിന് ഫെബ്രുവരി ഒന്ന് സാക്ഷ്യം വഹിക്കും. മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ രണ്ടാം സമ്പൂർണ്ണ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഇതോടെ തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കും.
ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ചയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണ അവധി ദിനങ്ങളിൽ പാർലമെന്റ് കൂടാറില്ലെങ്കിലും രാജ്യത്തിന്റെ വികസന കുതിപ്പിന് അവധി ബാധകമല്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. മുൻപ് 1999-ൽ യശ്വന്ത് സിൻഹയാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.
ജനുവരി 29-ന് പാർലമെന്റിൽ വെക്കുന്ന സാമ്പത്തിക സർവേ രാജ്യത്തിന്റെ കരുത്തുറ്റ വളർച്ചാ നിരക്കാണ് പ്രവചിക്കുന്നത്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ഭാരതത്തിന്റെ ജിഡിപി (GDP) 7.4 ശതമാനം വളർച്ച കൈവരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി ഭാരതം ഇതോടെ നിലനിർത്തും.
ജനുവരി 28: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം.ജനുവരി 29: സാമ്പത്തിക സർവേ പാർലമെന്റിൽ സമർപ്പിക്കും.ഫെബ്രുവരി 1 (ഞായർ): ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
ബജറ്റ് നിർമ്മാണത്തിന്റെ അവസാന ഘട്ടം അതീവ രഹസ്യമായാണ് നടക്കുന്നത്. ധനമന്ത്രാലയത്തിലെ ‘നോർത്ത് ബ്ലോക്കിൽ’ ഉദ്യോഗസ്ഥർ പുറംലോകവുമായുള്ള ബന്ധമെല്ലാം വിച്ഛേദിച്ച് ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ്. ‘ബ്ലൂ ഷീറ്റ്’ എന്ന് വിളിക്കപ്പെടുന്ന അതിരഹസ്യ രേഖകളുടെ കാവലിൽ, ഹൽവ ചടങ്ങിന് ശേഷം ഉദ്യോഗസ്ഥർ പൂർണ്ണമായും മന്ത്രാലയത്തിനുള്ളിൽ തന്നെയാണ് കഴിയുന്നത്.












Discussion about this post