ധാക്ക : ബംഗ്ലാദേശിൽ വീണ്ടും സംഘർഷങ്ങൾ രൂക്ഷമാവുകയാണ്. മുതിർന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് അസീസുർ റഹ്മാൻ മുസാബിർ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മറ്റൊരു പ്രാദേശിക നേതാവിനും പരിക്കേറ്റു. രാജ്യം ദേശീയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ആക്രമണ പരമ്പരകൾ അരങ്ങേറുന്നത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ വളണ്ടിയർ വിഭാഗമായ ധാക്ക മെട്രോപൊളിറ്റൻ നോർത്ത് സ്വെച്ചസെബക് ദളിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു അസീസുർ റഹ്മാൻ മുസാബിർ. ധാക്കയിലെ കർവാൻ ബസാർ പ്രദേശത്ത് രാത്രി 8.30 ഓടെ ആണ് മുസാബിറിന് വെടിയേറ്റത്. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിൽപ്പോലും നിരവധി അക്രമ പരമ്പരകളാണ് രാജ്യത്തെങ്ങും നടക്കുന്നത്.
ഡിസംബർ 12 ന്, പ്രമുഖ ഇന്ത്യാ വിരുദ്ധ നേതാവായ ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം ബംഗ്ലാദേശിൽ വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് ഉള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, മറ്റൊരു സംഭവത്തിൽ ഒരു ജുബോ ദൾ നേതാവിന് വെടിയേറ്റു. അക്രമികളെ തിരിച്ചറിയാനും കണ്ടെത്താനും അന്വേഷണം ആരംഭിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.










Discussion about this post