കേരള സർക്കാർ കൊണ്ടുവന്ന മലയാള ഭാഷാ ബിൽ 2025 പിൻവലിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാൻ ശ്രമിക്കുന്ന ബില്ലാണ് കേരളം അവതരിപ്പിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകൾക്ക് ഉൾപ്പെടെ ഇത് ബാധകമാകുന്നതാണ്. ഇതോടെയാണ് ബില്ലിനെതിരെ കർണാടക രംഗത്ത് എത്തിയിരിക്കുന്നത്.
കാസർകോട് വൈകാരികമായി കർണാടകയുടേതാണെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചു. “കാസർകോട് ഇന്ന് ഭരണപരമായി കേരളത്തിന്റെ ഭാഗമായിരിക്കാം, പക്ഷേ വൈകാരികമായി അത് കർണാടകയുടേതാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണിത്. കാസർകോട്ടിലെ കന്നഡിഗരുടെ മാതൃഭാഷ പഠിക്കാനുള്ള അവകാശം ഇത് നിഷേധിക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല” എന്നും സിദ്ധരാമയ്യ പറഞ്ഞു. ബിൽ തള്ളണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കർണാടക പ്രതിനിധി സംഘം കേരള ഗവർണറെ കണ്ടിരുന്നു.
കാസർകോട് താമസിക്കുന്ന കന്നഡ സംസാരിക്കുന്നവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് കർണാടക സർക്കാരിന്റെ കൂടെ ഉത്തരവാദിത്തമാണ് എന്നും സിദ്ധരാമയ്യ സൂചിപ്പിച്ചു. അവർക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവകാശമുണ്ട്. കേരളം കൊണ്ടുവന്നിരിക്കുന്ന ബിൽ ഭരണഘടന വിരുദ്ധമാണ്. 2017 ൽ സമാനമായ ഒരു ബിൽ പ്രസിഡന്റ് നിരസിച്ചതായും ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തോട് ഉപദേശിച്ചിരുന്നതായും സിദ്ധരാമയ്യ സൂചിപ്പിച്ചു.











Discussion about this post