തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ ബോക്സിങ് ഇതിഹാസം എം.സി. മേരി കോം. നീണ്ട ഇരുപത് വർഷത്തെ ദാമ്പത്യത്തിനൊടുവിലെ വിവാഹമോചനം, കടുത്ത സാമ്പത്തിക പ്രതിസന്ധി, സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്ന വ്യക്തിഹത്യ എന്നിവയെക്കുറിച്ച് വികാരാധീനയായാണ് മേരി കോം സംസാരിച്ചത്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മൗനം വെടിഞ്ഞത്.
ആറ് തവണ ലോക ചാമ്പ്യനായ താരം തന്റെ ജീവിതത്തിലെ ‘ഇരുണ്ട അധ്യായത്തെ’ക്കുറിച്ച് ആദ്യമായാണ് ഇത്രയും വ്യക്തമായി പ്രതികരിക്കുന്നത്. 2022-ലെ കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായുണ്ടായ പരിക്കും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് മേരി കോം പറയുന്നു.
ഭർത്താവ് കരുങ് ഓൻഖോലറുമായി താൻ വേർപിരിഞ്ഞുവെന്നും 2023-ൽ വിവാഹമോചനം നേടിയെന്നും മേരി കോം സ്ഥിരീകരിച്ചു. പരിക്ക് പറ്റി കിടപ്പിലായ കാലത്താണ് താൻ ഇത്രയും കാലം ഒരു ‘നുണയിൽ’ ജീവിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് മേരി പറയുന്നു. പണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും വിശ്വാസവഞ്ചനയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. കോടിക്കണക്കിന് രൂപ തനിക്ക് നഷ്ടമായെന്നും സ്വന്തം സമ്പാദ്യത്തിൽ വാങ്ങിയ വസ്തുവകകൾ ഭർത്താവ് ഈടുവെച്ച് വായ്പയെടുത്തുവെന്നും മേരി ആരോപിക്കുന്നു. തന്റെ വസ്തുവകകൾ മണിപ്പൂരിലെ പ്രാദേശിക ഗ്രൂപ്പുകൾ പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായെന്നും താരം പറയുന്നു.
വിവാഹമോചനത്തിന് ശേഷം താൻ നേരിട്ട സൈബർ ആക്രമണങ്ങൾ തന്നെ മാനസികമായി തകർത്തുവെന്ന് മേരി കോം പറഞ്ഞു.”യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആളുകൾ എന്നെ അത്യാഗ്രഹിയെന്ന് വിളിച്ചു. എന്റെ സ്വഭാവത്തെപ്പോലും പൊതുമധ്യത്തിൽ ചോദ്യം ചെയ്തു. ഞാൻ നേടിയ മെഡലുകൾക്കും നേട്ടങ്ങൾക്കും എന്ത് വിലയാണുള്ളത്?” – മേരി കോം ചോദിക്കുന്നു.
നാല് കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും സംരക്ഷണം ഇപ്പോൾ മേരിയുടെ ചുമതലയിലാണ്. തനിക്ക് സങ്കടപ്പെടാൻ പോലും ഇപ്പോൾ സമയമില്ലെന്നും മക്കളുടെ ഭാവിക്ക് വേണ്ടി തളരാതെ മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. നിലവിൽ പരസ്യചിത്രങ്ങളിലൂടെയും മറ്റും സാമ്പത്തിക ഭദ്രത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്‌സ് കമ്മീഷനിൽ അവർ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഭർത്താവിനെതിരെ പോലീസ് നടപടിക്ക് താല്പര്യമില്ലെന്നും തന്നെക്കുറിച്ചുള്ള അപവാദ പ്രചരണങ്ങൾ അവസാനിച്ചാൽ മതിയെന്നും മേരി കോം വ്യക്തമാക്കി. ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമാണെന്നും അതിൽ താൻ ഇനിയും പോരാടുമെന്നും ഉറച്ച ശബ്ദത്തിൽ മേരി കോം പറഞ്ഞു.













Discussion about this post