ഭാരതത്തിലെ ലക്ഷക്കണക്കിന് ദമ്പതികൾക്ക് മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മധുരം നൽകിയ വന്ധ്യതാ ചികിത്സാ രംഗത്തെ വിപ്ലവത്തിന് ഒരു മുഖമുണ്ട് – പത്മശ്രീ ഡോ. ഇന്ദിര ഹിന്ദുജ. നിശ്ശബ്ദമായ ഒരു രാത്രിയിൽ, മുംബൈയിലെ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ അസാധ്യമായതിനെ സാധ്യമാക്കാൻ ശ്രമിക്കുമ്പോൾ അവർ വാർത്താതലക്കെട്ടുകളെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. പരാജയപ്പെട്ടാൽ താൻ നേരിടേണ്ടി വരുന്ന പരിഹാസങ്ങളെയും ശാസ്ത്രലോകം നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും കുറിച്ചായിരുന്നു അന്നത്തെ അവരുടെ ആകുലത. എന്നാൽ 1986 ഓഗസ്റ്റ് 6-ന് ഹർഷ ചൗദ എന്ന കുഞ്ഞ് പിറന്നപ്പോൾ, അത് ഡോ. ഇന്ദിരയുടെ മാത്രം വിജയമായിരുന്നില്ല; മറിച്ച് ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ സുവർണ്ണ അധ്യായമായിരുന്നു.
1970-കളിൽ വന്ധ്യത എന്നത് ഒരു മെഡിക്കൽ അവസ്ഥയേക്കാൾ ഉപരിയായി ഒരു സാമൂഹിക വിപത്തായാണ് ഭാരതത്തിൽ കണ്ടിരുന്നത്. ഇതിന്റെ പഴികൾ മുഴുവൻ സ്ത്രീകളാണ് ഏറ്റുവാങ്ങിയിരുന്നത്. ആ കാലഘട്ടത്തിൽ ‘ടെസ്റ്റ് ട്യൂബ് ശിശു’ എന്നത് പലർക്കും സദാചാര വിരുദ്ധവും പ്രകൃതിക്ക് നിരക്കാത്തതുമായ ഒന്നായിരുന്നു.പുരുഷാധിപത്യമുള്ള മെഡിക്കൽ ലോകത്ത്, പരിമിതമായ സൗകര്യങ്ങൾക്കിടയിൽ ഐവിഎഫ് (IVF) എന്ന അത്യാധുനിക സാങ്കേതികവിദ്യയുമായി മുന്നോട്ട് പോകാൻ ഡോ. ഇന്ദിര കാണിച്ച ധൈര്യം ചെറുതല്ല. അസാധ്യമാണെന്ന് പറഞ്ഞ് പലരും എഴുതിത്തള്ളിയെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് അവർ പിന്നോട്ട് പോയില്ല.
മുബൈയിലെ കെഇഎം (KEM) ആശുപത്രിയിൽ ഹർഷയുടെ ജനനം വിജയിച്ചപ്പോൾ ആഘോഷങ്ങളോ വലിയ പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. ഒരു വലിയ ഉത്തരവാദിത്തം ഭംഗിയായി പൂർത്തിയാക്കിയതിന്റെ ആശ്വാസം മാത്രമായിരുന്നു ഡോക്ടറുടെ മുഖത്ത്.
ഹർഷ ചൗദ: ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് ശിശു.1988-ൽ ഇന്ത്യയിലെ ആദ്യത്തെ ഗാമീറ്റ് ഇൻട്രാഫാലോപ്പിയൻ ട്രാൻസ്ഫർ സാങ്കേതികവിദ്യയിലൂടെയുള്ള ജനനവും ഡോ. ഇന്ദിരയുടെ നേതൃത്വത്തിൽ നടന്നു. 1991-ൽ അണ്ഡദാനം (Oocyte donation) വഴിയുള്ള ആദ്യ ജനനത്തിനും അവർ വഴിയൊരുക്കി.
വന്ധ്യതയെക്കുറിച്ചുള്ള ഭാരതത്തിന്റെ മനോഭാവം മാറ്റുന്നതിൽ ഡോ. ഇന്ദിര ഹിന്ദുജ വലിയ പങ്ക് വഹിച്ചു. ഒളിച്ചുവെക്കേണ്ട ഒന്നല്ല, മറിച്ച് ശാസ്ത്രീയമായി പരിഹരിക്കാവുന്ന ഒരു അവസ്ഥയാണ് വന്ധ്യതയെന്ന് അവർ സമൂഹത്തെ ബോധ്യപ്പെടുത്തി. 2011-ൽ രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിച്ചു.”നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാം. ഓരോ കുഞ്ഞിന്റെയും പുഞ്ചിരിയാണ് എന്റെ കരിയറിലെ ഏറ്റവും വലിയ അംഗീകാരമെന്ന്.” – ഡോ. ഇന്ദിര ഹിന്ദുജ പറയുന്നു













Discussion about this post