വികസനവും പൈതൃകവും ഒരുപോലെ ചേർത്തുപിടിക്കുന്ന ഭാരതീയ ജനതാ പാർട്ടിയാണ് ഇന്ന് രാജ്യത്തെ വോട്ടർമാരുടെ ആദ്യ മുൻഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കലിയാബോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ വിനാശകരമായ രാഷ്ട്രീയത്തെ രാജ്യം തുടർച്ചയായി തള്ളിക്കളയുകയാണെന്നും ബിഹാർ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതിന് തെളിവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസമിലെ നാഗോൺ ജില്ലയിൽ 6,950 കോടി രൂപയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ നിർവഹിച്ച ശേഷമാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.കോൺഗ്രസിന്റെ ജന്മസ്ഥലമായ മുംബൈയിൽ പോലും അവർ ഇന്ന് നാലാമതോ അഞ്ചാമതോ ഉള്ള പാർട്ടിയായി മാറിയെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നഗരസഭയായ മുംബൈ ബിഎംസിയിൽ ബിജെപി നേടിയ ചരിത്ര വിജയം വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്.ബിജെപിക്ക് വേരോട്ടമില്ലെന്ന് കരുതിയ കേരളത്തിലും മാറ്റം പ്രകടമാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ബിജെപി ആദ്യത്തെ മേയറെ തിരഞ്ഞെടുത്തത് കോൺഗ്രസിനും ഇടതിനും ജനങ്ങൾ നൽകിയ ശക്തമായ പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിലും ഒഡീഷയിലും ബിജെപി നേടിയ വിജയം സദ്ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് കാട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാസിരംഗ ദേശീയോദ്യാനത്തിലൂടെയുള്ള 35 കിലോമീറ്റർ നീളുന്ന രാജ്യത്തെ ഏറ്റവും വലിയ എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.6,950 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ പാത മഴക്കാലത്ത് വന്യമൃഗങ്ങൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കും. ഗുവാഹത്തി (കാമാഖ്യ) – റോഹ്തക്, ദിബ്രുഗഡ് – ലഖ്‌നൗ (ഗോമതി നഗർ) എന്നീ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.”പ്രകൃതിയും പുരോഗതിയും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഭാരതം ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്. കാസിരംഗ അസമിന്റെ ആത്മാവ് മാത്രമല്ല, ഭാരതത്തിന്റെ ജൈവവൈവിധ്യത്തിന്റെ അമൂല്യരത്നം കൂടിയാണെന്ന്- പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.












Discussion about this post