മുംബൈ : കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വർഗീയ വികാരങ്ങൾ കൊണ്ട് ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞതായുള്ള സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. “എ ആർ റഹ്മാന്റെ മതമാണ് അവസരങ്ങൾ കുറയുന്നതിനുള്ള കാരണമെങ്കിൽ ഞാനും ഒരു മുസ്ലിമാണല്ലോ, മതത്തിന്റെ പേരിൽ എന്നെ ആരും മാറ്റി നിർത്തിയിട്ടില്ല, അത്തരം വർഗീയമായ ഒരു പ്രശ്നവും താൻ ബോളിവുഡിൽ നിന്നും നേരിടേണ്ടി വന്നിട്ടില്ല, എ ആർ റഹ്മാന്റെ പ്രസ്താവന വിശ്വസിക്കാൻ കഴിയുന്നതല്ല, ഒരുപക്ഷേ അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടതായിരിക്കാം, ” എന്ന് ജാവേദ് അക്തർ പ്രതികരിച്ചു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ബോളിവുഡിൽ തനിക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ഈ തകർച്ചയ്ക്ക് കാരണം സിനിമാ വ്യവസായത്തിന്റെ വർഗീയ സ്വഭാവമാണെന്നും ആയിരുന്നു കഴിഞ്ഞ ദിവസം എ ആർ റഹ്മാൻ അഭിപ്രായപ്പെട്ടിരുന്നത്. ഈ വിഷയത്തിലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യഥാർത്ഥത്തിൽ റഹ്മാൻ അത്തരം ഒരു പ്രസ്താവനം നടത്തുമോ എന്ന് കരുതുന്നില്ല എന്നായിരുന്നു ജാവേദ് അക്തർ ആദ്യം പ്രതികരിച്ചത്. സിനിമാ വ്യവസായത്തിൽ റഹ്മാൻ വളരെയധികം ബഹുമാനിക്കപ്പെടുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ വലിയ പ്രശസ്തി കാരണം പലരും അദ്ദേഹത്തെ സമീപിക്കാൻ മടിക്കുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ബഹുമാനം കൊണ്ടുള്ള ചെറിയ ഭയം ഉണ്ടെന്നും ജാവേദ് അക്തർ അഭിപ്രായപ്പെട്ടു.










Discussion about this post