യുഎസിന്റെ ഗ്രീൻലാൻഡ് ഏറ്റെടുക്കലിന് എതിര് നിൽക്കുന്ന ഡെൻമാർക്കിനും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും അധിക തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ യൂണിയൻ. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും , അത്തരം നടപടികൾ ട്രാൻസ്-അറ്റ്ലാന്റിക് ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്നും അപകടകരമായ തകർച്ചയിലേക്ക് നയിച്ചേക്കാമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനും ഡെൻമാർക്കിന്റെ പ്രദേശിക സമഗ്രതയും പരമാധികാരവും ഉറപ്പാക്കുന്നതിനും യൂറോപ്യൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. യൂറോപ്പ് ഐക്യത്തോടെയും ഏകോപനത്തോടെയും പരമാധികാരം സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായും തുടരുമെന്നും അവർ അറിയിച്ചു.
ഡെൻമാർക്കിലെയും ഗ്രീൻലാൻഡിലെയും ജനങ്ങളോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ച വോൺ ഡെർ ലെയ്ൻ, വ്യാപാര സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതിനുപകരം നാറ്റോ സഖ്യകക്ഷികൾ തമ്മിലുള്ള വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകതയാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടി.










Discussion about this post