ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനെ ചുമതലയേറ്റ നിതിൻ നബീനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ കാര്യത്തിൽ നിതിൻ നബീനാണ് തന്റെ ബോസ്സെന്നും താൻ വെറുമൊരു പാർട്ടി പ്രവർത്തകൻ മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45-കാരനായ നിതിൻ നബീൻ. റേഡിയോയിലൂടെ വാർത്തകൾ കേട്ടു വളരുകയും ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അനായാസം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ‘മില്ലേനിയൽ’ തലമുറയുടെ പ്രതിനിധിയാണ് നിതിൻ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവും സാങ്കേതികവുമായ പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച തലമുറയിലാണ് നിതിൻ നബീൻ ജനിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
1980-ൽ ജനിച്ച നിതിൻ നബീൻ സാങ്കേതികമായി മില്ലേനിയൽ തലമുറയുടെ തുടക്കക്കാരനാണ്. യുവാക്കളുടെ ഭാഷയും ചിന്താഗതിയും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് മോദി പറഞ്ഞു. പ്രായം കുറവാണെങ്കിലും സംഘടനാരംഗത്ത് നിതിൻ നബീനുള്ള വിപുലമായ അനുഭവം ഓരോ പാർട്ടി പ്രവർത്തകനും ഗുണകരമാകും. ബിഹാറിലെ ബങ്കിപ്പൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.
ബിജെപി കേവലം ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് അതൊരു സംസ്‌കാരവും കുടുംബവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥാനങ്ങൾ മാറുമെങ്കിലും ബിജെപിയുടെ ആദർശങ്ങളിൽ മാറ്റമില്ല. രാഷ്ട്രീയത്തിൽ ചുവടുവെക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഏറ്റവും സുരക്ഷിതവും മികച്ചതുമായ ഇടം ബിജെപിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ നയിക്കുന്നതിനൊപ്പം ദേശീയ ജനാധിപത്യ സഖ്യത്തിലെ (NDA) കക്ഷികളെ ഏകോപിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം കൂടി പുതിയ അദ്ധ്യക്ഷനുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.













Discussion about this post