പതിറ്റാണ്ടുകളായി കേരളം വീർപ്പുമുട്ടുന്ന എൽഡിഎഫ്-യുഡിഎഫ് ‘അവിശുദ്ധ കൂട്ടുകെട്ടിന്’ അന്ത്യം കുറിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ പുതിയ വേഗവും ദേശീയതയുടെ കരുത്തുമായി കേരളത്തെ മാറ്റാൻ ബിജെപിക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഉണ്ടാക്കിയ ചരിത്ര വിജയം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. എൽഡിഎഫും യുഡിഎഫും തമ്മിലുള്ളത് വെറും ‘ഫിക്സഡ് മാച്ച്’ മാത്രമാണെന്നും ഇതിൽ നിന്ന് മോചനം നേടി പുരോഗതിയുടെ പാതയിലേക്ക് വരാൻ കേരളം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച രാവിലെ 10:25-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വലമായ വരവേൽപ്പാണ് നൽകിയത്. ഗവർണർ , മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. റെയിൽവേയുടെ ചരിത്ര മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. നാഗർകോവിൽ-മംഗലാപുരം, തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ചർലാപ്പള്ളി എന്നീ അമൃത് ഭാരത് സർവീസുകൾക്ക് പുറമെ തൃശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിനും അദ്ദേഹം നാടിന് സമർപ്പിച്ചു. കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് ആധുനിക യാത്രാസൗകര്യം ഒരുക്കുന്ന ഈ ട്രെയിനുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും.
കേരളത്തിന്റെ പാരമ്പര്യത്തെയും ആധുനിക സാങ്കേതികവിദ്യയെയും കോർത്തിണക്കുന്ന വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടത്. ആയുർവേദവും ബയോടെക്നോളജിയും സമന്വയിപ്പിക്കുന്ന സിഎസ്ഐആർ-എൻഐഐഎസ്ടി ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് കേരളത്തിന്റെ ശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഗ്രീൻ ഹൈഡ്രജൻ, സുസ്ഥിര പാക്കേജിംഗ് തുടങ്ങിയ മേഖലകളിലെ ഗവേഷണം സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഹബ്ബായി മാറ്റും. ഇതിനുപുറമെ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെന്ററിനും തറക്കല്ലിട്ടു. പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തെരുവ് കച്ചവടക്കാർക്ക് ബാങ്കിംഗ് സേവനങ്ങളും പലിശരഹിത വായ്പയും ഉറപ്പാക്കുന്ന ഈ പദ്ധതി വഴി കേരളത്തിലെ ഉൾപ്പെടെ ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് വായ്പ വിതരണം ചെയ്തു. നവീകരിച്ച പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.










Discussion about this post