കണ്ണൂർ : കണ്ണൂരിൽ സിപിഎം നേതാക്കൾ രക്തസാക്ഷി ഫണ്ടിൽ നിന്നും പണം തട്ടിയതായി ആരോപണം. കണ്ണൂരിലെ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ ആണ് പാർട്ടിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര ആരോപണമാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തിനെതിരെ ആരോപിച്ചിട്ടുള്ളത്. പയ്യന്നൂർ എംഎൽഎയായ ടി ഐ മധുസൂദനൻ ആണ് ഫണ്ട് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
2016 ജൂലായ് 11നാണ് കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ധൻരാജ് കൊല്ലപ്പെടുന്നത് . ആ വർഷം തന്നെ ഫണ്ട് പിരിക്കാൻ പാർട്ടി തീരുമാനിച്ചു. ഒരു കോടി രൂപയോമാണ് രക്തസാക്ഷി ഫണ്ട് ആയി പിരിച്ചത്. ഇതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിയെടുത്തതായാണ് വി കുഞ്ഞികൃഷ്ണൻ സൂചിപ്പിക്കുന്നത്. “2017 ഡിസംബർ 8,9 തിയ്യതികളിൽ നടന്ന ഏരിയാസമ്മേളനത്തിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പിന്നീട് ധൻരാജിൻ്റെ കുടുംബത്തിനുള്ള വീട് നിർമാണമുൾപ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് താൻ പാർട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ൽ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകൾ അവതരിപ്പിച്ചത്. കണക്കുകൾ പരിശോധിച്ചപ്പോൾ വൻ ക്രമക്കേടുകൾ ആണ് കണ്ടെത്തിയത്” എന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
“ധൻരാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനായി മുപ്പത്തിനാലേകാൽ ലക്ഷം രൂപ ചിലവായെന്നായിരുന്നു കണക്ക്. 34ലക്ഷം രൂപയുടെ ചെക്കാണ് നൽകിയിരുന്നത്. ഈ ചെക്ക് പരിശോധിച്ചപ്പോൾ ഇരുപത്തിയൊൻപതേ കാൽ ലക്ഷം രൂപ കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും 5ലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി കെപി മധുവിൻ്റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തി. പാർട്ടി ഏരിയാ കമ്മിറ്റിയുടെ കെട്ടിട നിർമാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നും പറയുന്നു. എന്നാൽ കെട്ടിടപണിക്ക് ഈ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നു. അതിനുള്ള ഫണ്ട് അവിടെയുണ്ടായിരുന്നു. ധൻരാജിൻ്റെ കടബാധ്യത നിലനിൽക്കുമ്പോഴാണ് 40 ലക്ഷം രൂപ കാണാതായെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ധൻരാജിൻ്റെ കടബാധ്യത പാർട്ടി അടച്ചുതീർത്തു.
ഇതിൻ്റെ തെളിവ് അടക്കം പാർട്ടിക്ക് മുന്നിൽ വെച്ചു. എന്നാൽ നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവെക്കുകയാണ് ചെയ്തത്. ഇ പി ജയരാജന്‍റെ അനധികൃത ഇടപാടുകളെ കുറിച്ച് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചു. ആരോപണം പാര്‍ട്ടി പരിശോധിച്ചില്ല. തന്നെ ശാസിച്ച് നിശബ്ദനാക്കാൻ നോക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിൽ പൊരുതി തോറ്റിട്ടാണ് അണികളോടുള്ള തൻ്റെ തുറന്നുപറച്ചിൽ. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടേ. പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാം. എംവി ഗോവിന്ദനും കൊടിയേരി ബാലകൃഷ്ണനും തെളിവടക്കം കൈമാറിയെങ്കിലും കാര്യമുണ്ടായില്ല” എന്നും വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി.











Discussion about this post