‘തുടരും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘L366’യുടെ ഷൂട്ടിങ് ആരംഭിച്ചു. കഴിഞ്ഞ കുറച്ചു കാലമായി മോഹൻലാലിനെ നാം കണ്ടിരുന്നത് താടിയുള്ള ലുക്കിലായിരുന്നു. എന്നാൽ തരുൺ മൂർത്തി ചിത്രത്തിനായി അദ്ദേഹം ആ ലുക്ക് പൂർണ്ണമായും മാറ്റി ആരാധകർ ആഗ്രഹിച്ച ആ താടിയില്ലാത്ത ലുക്കിലേക്ക് വന്നിരിക്കുന്നു.
തന്റെ പുതിയ ലുക്കിലുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ലാലേട്ടൻ നൽകിയ ഈ ക്യാപ്ഷൻ ഇതിനോടകം ട്രെൻഡായിക്കഴിഞ്ഞു. താടി കളഞ്ഞ്, മീശ പിരിച്ചു വെച്ച ലുക്കിൽ അദ്ദേഹം ‘വിൻ്റേജ്’ കാലത്തെ ഓർമ്മിപ്പിക്കുന്നു. ചിത്രം വൈറലായതോടെ ലാലേട്ടന്റെ പ്രായം പിന്നോട്ടാണോ പോകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. അത്രത്തോളം ചെറുപ്പമായാണ് പുതിയ ഗെറ്റപ്പിൽ അദ്ദേഹം കാണപ്പെടുന്നത്.
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം’ പോലെയുള്ള സൂപ്പർഹിറ്റുകൾക്ക് സാക്ഷ്യം വഹിച്ച തൊടുപുഴയാണ് ഈ ചിത്രത്തിന്റെയും പ്രധാന ലൊക്കേഷൻ. ലാലേട്ടൻ വീണ്ടും തൊടുപുഴയിലെത്തുമ്പോൾ ഒരു ‘ഹിറ്റ്’ ഉറപ്പാണെന്നാണ് ആരാധകരുടെ വിശ്വാസം. വളരെക്കാലത്തിന് ശേഷമാണ് മോഹൻലാൽ ഒരു മുഴുവൻ സമയ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നത്. ‘തുടരും’ എന്ന ചിത്രത്തിലെ വൈകാരികമായ വേഷത്തിന് ശേഷം അദ്ദേഹം ഒരു മാസ് പോലീസ് റോളിലേക്ക് മാറുന്നു എന്നത് വലിയ ആകർഷണമാണ്.
ഇത് കൂടാതെ വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മലയാളിക്ക് മികച്ച ദൃശ്യാനുഭവങ്ങൾ ലഭിച്ചിട്ടുണ്ട്.












Discussion about this post