അതിർത്തിക്കപ്പുറത്ത് ഭീകരവാദത്തിന്റെ വിത്തുപാകുന്ന പാകിസ്ഥാനിൽ വീണ്ടും രക്തച്ചൊരിച്ചിൽ. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 25-ഓളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രവിശ്യയിലെ ഡെറാ ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആക്രമണം സർക്കാർ അനുകൂല നിലപാടുള്ള സമുദായ നേതാവ് നൂർ ആലം മെഹ്സൂദിന്റെ വസതിയിൽ വിവാഹാഘോഷങ്ങൾക്കിടെയായിരുന്നു ആക്രമണം.
വിവാഹത്തിനെത്തിയ അതിഥികൾ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വസതിയുടെ മേൽക്കൂര തകർന്നു വീണത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ മണിക്കൂറുകളെടുത്തു. സ്ഫോടനത്തിൽ പീസ് കമ്മിറ്റി നേതാവ് വാഹിദുള്ള മെഹ്സൂദ് എന്ന ജിഗ്രി മെഹ്സൂദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മുൻപ് ഭീകരവാദിയായിരിക്കുകയും പിന്നീട് കീഴടങ്ങുകയും ചെയ്ത ഒരാളും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ബന്ധുക്കളാണ് മരിച്ച മറ്റുള്ളവർ. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) ആണ് ഇതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. സ്വന്തം മണ്ണിൽ ഭീകരതയെ താലോലിക്കുന്ന പാകിസ്താൻ്റെ ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഈ മാസം ആദ്യം ബന്നു ജില്ലയിൽ സമാനമായി പീസ് കമ്മിറ്റി അംഗങ്ങളെ വെടിവെച്ചു കൊന്നിരുന്നു. 2025 നവംബറിലും സമാനമായ ആക്രമണം അരങ്ങേറിയിരുന്നു.












Discussion about this post