ശാസ്ത്രലോകം വിസ്മയത്തോടെ നോക്കുന്ന ബഹിരാകാശ യാത്രകളിലും തന്റെ ഇന്ത്യൻ വേരുകളും ആത്മീയതയും നെഞ്ചോടു ചേർത്ത് നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശ നിലയത്തിലെ ഏകാന്തതയിൽ തനിക്ക് തുണയായത് ഗണപതി വിഗ്രഹവും ഭഗവദ്ഗീതയുമാണെന്ന് അവർ വെളിപ്പെടുത്തി. ശൂന്യതയിലെ ഭാരമില്ലായ്മയിലും തന്നെ ഭൂമിയോട് ചേർത്തുനിർത്തുന്ന ആത്മീയ കരുത്തിനെക്കുറിച്ച് ദേശീയമാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന സുനിതയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
“എന്റെ വീട്ടിൽ എപ്പോഴും ഗണപതിയുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം എന്നോടൊപ്പം ബഹിരാകാശത്തേക്കും വരണമെന്നത് നിർബന്ധമായിരുന്നു,” സുനിത പറഞ്ഞു. ബഹിരാകാശത്തെ നിശബ്ദതയിൽ ഭഗവദ്ഗീതയിലെ വചനങ്ങൾ തനിക്ക് വലിയ ആശ്വാസം നൽകിയതായും അവർ കൂട്ടിച്ചേർത്തു. ശൂന്യതയിൽ നിന്ന് ഭൂമിയെ നോക്കുമ്പോൾ മനുഷ്യന്റെ അഹന്ത എത്രത്തോളം നിസ്സാരമാണെന്ന് തിരിച്ചറിയുമെന്നും ഗീതാ പാരായണം ആത്മീയമായ ഒരു സംരക്ഷണം തനിക്ക് ചുറ്റും തീർത്തതായും അവർ അനുസ്മരിച്ചു. ആത്മീയത വെറും മതാചാരമല്ല, മറിച്ച് പ്രപഞ്ചത്തിലെ മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ബോധ്യമാണെന്നും സുനിത വില്യംസ് വ്യക്തമാക്കി.
ബഹിരാകാശ നിലയത്തിലെ തന്റെ രൂപത്തെ പരിഹസിച്ച നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൃത്യമായ മറുപടിയും അവർ നൽകി. സുനിതയുടെ അലങ്കോലമായ മുടിയെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങളെ ചിരിയോടെയാണ് അവർ നേരിട്ടത്. ബഹിരാകാശ നിലയം പോലെയുള്ള അടഞ്ഞ അന്തരീക്ഷത്തിൽ രാസവസ്തുക്കൾ കലർന്ന ഡൈ ഉപയോഗിക്കുന്നതോ മുടി കെട്ടിവെക്കുന്നതോ സാങ്കേതികമായി പ്രായോഗികമല്ലെന്ന് അവർ വിശദീകരിച്ചു. തന്റെ പൈതൃകത്തിലും പ്രകൃതിദത്തമായ രൂപത്തിലും താൻ അഭിമാനിക്കുന്നു എന്ന നിലപാടാണ് ഈ മറുപടിയിലൂടെ അവർ വ്യക്തമാക്കിയത്. ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ ശാസ്ത്രീയമായ കൃത്യതയും അവർ കൈവിട്ടില്ല.
ഭാരതത്തോടുള്ള തന്റെ സ്നേഹം വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്നും സുനിത തെളിയിക്കുന്നു. അന്തരിച്ച ബഹിരാകാശ സഞ്ചാരി കൽപ്പന ചൗളയുടെ കുടുംബവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും ഗുജറാത്തിലെ കുട്ടികളുമായി നടത്തുന്ന ആശയവിനിമയങ്ങളെക്കുറിച്ചും അവർ വാചാലയായി. തന്റെ വളർത്തുനായയോടുള്ള സ്നേഹസൂചകമായി ശരീരത്തിൽ പതിപ്പിച്ച പാവ്-പ്രിന്റ് ടാറ്റൂകളെക്കുറിച്ചും അവർ സൂചിപ്പിച്ചു. മനുഷ്യനേക്കാൾ നായകളാണ് നിഷ്കളങ്കമായ സന്തോഷം നൽകുന്നതെന്ന് അവർ വിശ്വസിക്കുന്നു. നക്ഷത്രങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോഴും ഭാരതീയ സംസ്കാരത്തെയും ആത്മീയതയെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന സുനിത വില്യംസ്, ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് വലിയൊരു പ്രചോദനമാണ്.












Discussion about this post