മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് പ്രണാമം അർപ്പിച്ച് രാജ്യം. ബുധനാഴ്ച ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അന്തരിച്ച ‘ദാദ’യുടെ അന്ത്യകർമ്മങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകമായ ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് ബാരാമതിയിലേക്ക് ഒഴുകിയെത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന സ്വകാര്യ വിമാനം ലാൻഡിംഗിനിടെ തകർന്നു വീഴുകയായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരും അജിത് പവാറിന്റെ കുടുംബാംഗങ്ങളും അന്ത്യകർമ്മങ്ങളിൽ പങ്കുചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഏകനാഥ് ഷിൻഡെ എന്നിവർ ബാരാമതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ദേശീയ പതാക പുതപ്പിച്ച ഭൗതികദേഹത്തിൽ അമിത് ഷാ പുഷ്പചക്രം സമർപ്പിച്ചു. എൻസിപി സ്ഥാപകൻ ശരദ് പവാർ, സുപ്രിയ സുലെ എന്നിവരും വികാരാധീനരായി ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. അജിത് പവാറിന്റെ മകൻ ജയ് പവാറിന് സൈന്യം ദേശീയ പതാക കൈമാറിയതോടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി. മക്കളായ പാർത്ഥും ജയും ചേർന്ന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു.
അജിത് പവാറിന്റെ വിയോഗം മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിന് തന്നെ വലിയ നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുസ്മരിച്ചു. വികസന കാര്യങ്ങളിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാടെടുത്തിരുന്ന, ഭരണപരിചയമുള്ള ഒരു കരുത്തനായ നേതാവിനെയാണ് എൻഡിഎ സഖ്യത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ പവാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ സംസ്ഥാനത്തെമ്പാടും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
വിമാനാപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. മോശം കാലാവസ്ഥയാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, സഹായി പിങ്കി മാലി, പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ശാംഭവി പഥക് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ബാരാമതിയുടെ മണ്ണിൽ നിന്ന് പടിപടിയായി ഉയർന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച അജിത് പവാറിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്









Discussion about this post