ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതി റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കിയ പുതിയ വീഡിയോ. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പാകിസ്താൻ ഭീകരവാദികൾക്കെതിരെ ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളാണ് വ്യോമസേന പങ്കുവെച്ചത്. പാകിസ്താനിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളും ഭീകര കേന്ദ്രങ്ങളും തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പാകിസ്താന്റെ അത്യന്തം രഹസ്യമായ ആണവായുധ സംഭരണശാല സ്ഥിതി ചെയ്യുന്ന കിരാന ഹിൽസിലും ഭാരതം പ്രഹരമേൽപ്പിച്ചോ എന്ന ചർച്ചകൾ ആഗോളതലത്തിൽ വീണ്ടും സജീവമായി.
കഴിഞ്ഞ ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ പാക് സ്പോൺസേർഡ് ഭീകരർ വെടിവെച്ചുകൊന്നതിന് മറുപടിയായാണ് മെയ് ഏഴിന് ഭാരതം മിന്നലാക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ പാകിസ്താൻ നടത്തിയ പ്രകോപനങ്ങൾക്ക് മറുപടിയായി ഭാരതം പാക് അതിർത്തിക്കുള്ളിലെ സൈനിക വിമാനത്താവളങ്ങളെയും ലക്ഷ്യം വെച്ചു. ഇക്കൂട്ടത്തിൽ സർഗോദയിലെ മുഷാഫ് എയർബേസിന് സമീപമുള്ള കിരാന ഹിൽസിലും ഭാരതത്തിന്റെ മിസൈലുകൾ പതിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന. പാകിസ്താന്റെ ആണവായുധങ്ങൾ ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണിത്.
കിരാന ഹിൽസിനെ ലക്ഷ്യം വെച്ചിരുന്നോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യോമസേനാ ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതി നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. “കിരാന ഹിൽസിൽ ആണവ നിലയങ്ങളുണ്ടെന്ന് പറഞ്ഞുതന്നതിന് നന്ദി, ഞങ്ങൾക്ക് അത് അറിയില്ലായിരുന്നു” എന്ന അദ്ദേഹത്തിന്റെ പരിഹാസരൂപേണയുള്ള ചിരിയോടു കൂടിയ മറുപടി പാകിസ്താനെ ശരിക്കും ഭയപ്പെടുത്തിയിരിക്കുകയാണ്. “അവിടെ എന്തുണ്ടെങ്കിലും ഞങ്ങൾ കിരാന ഹിൽസിനെ തൊട്ടിട്ടില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തുവെങ്കിലും, വീഡിയോയിലെ ദൃശ്യങ്ങൾ വിരൽ ചൂണ്ടുന്നത് പാകിസ്താന്റെ ഹൃദയഭാഗത്ത് പോലും കയറി ആക്രമിക്കാനുള്ള ഭാരതത്തിന്റെ അസാമാന്യ ശേഷിയിലേക്കാണ്.
ഭാരതത്തിന്റെ റഫാൽ, സുഖോയ് വിമാനങ്ങൾ പാക് വ്യോമപ്രതിരോധ നിരയെ നിഷ്പ്രഭമാക്കി നടത്തിയ ഈ ആക്രമണം പാകിസ്താന് നൽകുന്ന വ്യക്തമായ മുന്നറിയിപ്പാണ്. പാകിസ്താന്റെ ആണവ നിയന്ത്രണ വിഭാഗമായ സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷൻ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള നൂർ ഖാൻ എയർബേസിലും ഇന്ത്യ പ്രഹരമേൽപ്പിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതത്തിന്റെ മണ്ണിൽ ഇനി സ്ഥാനമില്ലെന്നും, ശത്രുവിന്റെ കോട്ടയ്ക്കുള്ളിൽ കയറി പ്രഹരിക്കാൻ നവഭാരതം സജ്ജമാണെന്നും വ്യക്തമാക്കുന്നതാണ് വ്യോമസേനയുടെ ഈ പുതിയ വീഡിയോ. ദേശീയതയുടെയും സൈനിക വീര്യത്തിന്റെയും പ്രതീകമായ ‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്താന്റെ ഉറക്കം കെടുത്തുന്നത് തുടരുകയാണ്.












Discussion about this post