ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായെത്തിയ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ വിരുന്നിൽ ഹിമാലയൻ രുചിവൈവിധ്യങ്ങളുടെ വിസ്മയം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ എന്നിവർക്കായി രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിലാണ് ഭാരതത്തിന്റെ തനതായ മലയോര വിഭവങ്ങൾ വിളമ്പിയത്. നയതന്ത്ര ചർച്ചകൾക്കും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനും പിന്നാലെ നടന്ന ഈ വിരുന്ന് ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ വിളംബരമായി മാറി.
ഹിമാചൽ പ്രദേശിലെ കസൗളിയിൽ നിന്നുള്ള പ്രശസ്ത ഷെഫുമാരായ പ്രതീക് സാധുവും കമലേഷ് നേഗിയും ചേർന്നാണ് ഈ വിഭവങ്ങൾ തയ്യാറാക്കിയത്. കാശ്മീർ, ലഡാക്ക്, ഹിമാചൽ, ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പാരമ്പര്യ ചേരുവകളാണ് മെനുവിൽ ഇടംപിടിച്ചത്. ഉത്തരാഖണ്ഡിലെ ജാഖിയ ആലുവും പച്ച തക്കാളി ചമ്മന്തിയും, മേഘാലയയിലെ ബെറി സാൾട്ട് ചേർത്ത മില്ലറ്റ് ഖീറും അതിഥികളുടെ പ്രീതി പിടിച്ചുപറ്റി. ഉത്തരാഖണ്ഡിലെ മുൻസിയാരിയിൽ നിന്നുള്ള ബക്‌വീറ്റ് നൂഡിൽസ് വിഭവമായ ‘സുന്ദർകല തിച്ചോണി’യും ലഡാക്കിലെ യാക് ചീസ് കസ്റ്റാർഡും വിരുന്നിലെ പ്രധാന ആകർഷണങ്ങളായിരുന്നു. ഭാരതത്തിന്റെ ആയുർവേദ പാരമ്പര്യത്തിന്റെ ഭാഗമായ ഭാംഗ് മാത്രിയും (Hemp crisp) വിരുന്നിൽ വിളമ്പി.
പ്രധാന വിഭവമായി കാശ്മീരിലെ വനങ്ങളിൽ നിന്ന് മാത്രം ലഭിക്കുന്ന ഔഷധഗുണമുള്ള ‘ഗുച്ചി’ മഷ്റൂമും ഹിമാചലിലെ സ്വർണ്ണ റൈസുമാണ് നൽകിയത്. നാഗാലാന്റിലെ അഖുനിയും കാശ്മീരിലെ വാൾനട്ട് ചമ്മന്തിയും ചേർത്തുള്ള കോമ്പിനേഷൻ ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വൈവിധ്യത്തെ ഒരേ പ്ലേറ്റിൽ എത്തിച്ചു. ഡെസേർട്ടായി കാശ്മീരി ആപ്പിൾ കേക്കും ഹിമാലയൻ തേൻ ചേർത്ത പഴങ്ങളും വിളമ്പി. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിൽ ഒന്നായ ‘മദർ ഓഫ് ഓൾ ഡീൽസ്’ ഒപ്പിട്ടതിന് പിന്നാലെ നടന്ന ഈ വിരുന്ന്, യൂറോപ്പിന് ഭാരതത്തിന്റെ ഹൃദ്യമായ ആതിഥ്യമര്യാദ കൂടി അനുഭവിക്കാനുള്ള അവസരമായി.
ഭക്ഷണത്തിന് പുറമെ വസ്ത്രധാരണത്തിലും ഭാരതീയതയെ യൂറോപ്യൻ നേതാക്കൾ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. ഉർസുല വോൺ ഡെർ ലെയ്‌ൻ ഭാരതീയ ഡിസൈനർമാരായ എബ്രഹാം ആന്റ് താക്കൂർ രൂപകൽപ്പന ചെയ്ത മഞ്ഞ കുർത്ത ജാക്കറ്റും ബാന്ധ്നി സ്റ്റോളും ധരിച്ചാണ് വിരുന്നിനെത്തിയത്. റിപ്പബ്ലിക് ദിന പരേഡിൽ അവർ ധരിച്ച ബനാറസി സിൽക്ക് ബന്ദ്ഗാല ജാക്കറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പടിഞ്ഞാറൻ വിപണികളിൽ ഭാരതത്തിന്റെ ഉൽപ്പന്നങ്ങൾക്ക് പുത്തൻ വാതിലുകൾ തുറക്കുന്നതിനൊപ്പം ഇന്ത്യൻ സംസ്കാരത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്താനും ഈ സന്ദർശനം വഴിയൊരുക്കി.












Discussion about this post