രഥസപ്തമി ദിനത്തിൽ സൂര്യദേവന് പ്രണാമമർപ്പിച്ച് കൊച്ചി വളപ്പ് ബീച്ചിൽ ഐക്യയോഗയുടെ ആഭിമുഖ്യത്തിൽ 108 സൂര്യനമസ്‌കാരം സംഘടിപ്പിച്ചു. സൂര്യൻ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന പുണ്യദിനത്തിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു. മധു എസ് നായർ, ലളിതാംബിക മോഹൻദാസ്, അമല കെ വി എന്നിവരടങ്ങുന്ന ഐക്യയോഗയുടെ കോർ ടീമാണ് ഈ വിപുലമായ യോഗ സംഗമത്തിന് നേതൃത്വം നൽകിയത്. ആരോഗ്യ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ യോഗ അധ്യാപകരും വിദ്യാർത്ഥികളും ഒരേ മനസ്സോടെ സൂര്യമന്ത്രങ്ങൾ ഉച്ചരിച്ച് യോഗാഭ്യാസത്തിൽ മുഴുകി.
സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ആൻഡ് മെറൈൻ എൻഫോഴ്‌സ്‌മെന്റ് സിഐ മഞ്ജിത്ത് ലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ അശ്വതി, സോയ എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളായ ഇടുക്കി, തൃശ്ശൂർ, കാലടി, അങ്കമാലി, കുമ്പളങ്ങി എന്നിവിടങ്ങളിൽ നിന്നുമുള്ള യോഗാ പ്രേമികൾക്കൊപ്പം യുഎസ്, ഫ്രാൻസ്, അർജന്റീന, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും 108 സൂര്യനമസ്‌കാരത്തിൽ പങ്കാളികളായി എന്നത് പരിപാടിയുടെ ആഗോള സ്വീകാര്യത വിളിച്ചോതുന്നു.
ഇന്നത്തെ കാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടിയാണ് ഇത്തരം സംരംഭങ്ങളെന്ന് സംഘാടകർ വ്യക്തമാക്കി. പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് യോഗ സമഗ്രമായ പരിഹാരമാണെന്നും യുവാക്കൾക്കിടയിൽ യോഗയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐക്യയോഗ കോർ ടീം അറിയിച്ചു. കുട്ടികളിലും യുവാക്കളിലും വ്യക്തിത്വ വികസനത്തിനും മാനസിക ഉന്മേഷത്തിനും യോഗ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതിന് മുൻപും ഡെക്കാത്‌ലൺ, യോഗയാനം തുടങ്ങിയ പരിപാടികളിലൂടെ യോഗാഭ്യാസത്തെ ജനകീയമാക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. കടൽക്കാറ്റേറ്റുള്ള പ്രഭാതത്തിലെ ഈ യോഗാഭ്യാസം പങ്കെടുത്തവർക്കെല്ലാം വേറിട്ടൊരു അനുഭവമായി മാറി.












Discussion about this post