കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി പുതിയ വിവാദം. പുരസ്കാര ജേതാക്കളായ സ്ത്രീകളെ പിൻനിരയിലേക്ക് മാറ്റിയതിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ രംഗത്തെത്തി. ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ പുരുഷ താരങ്ങളെ മുൻനിരയിൽ ഇരുത്തിയപ്പോൾ, മികച്ച പ്രകടനം കാഴ്ചവെച്ച ജ്യോതിർമയി അടക്കമുള്ള ജേതാക്കൾക്ക് പിന്നിൽ സീറ്റ് നൽകിയതാണ് അഹാനയെ ചൊടിപ്പിച്ചത്.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. അവാർഡ് ജേതാക്കളുടെ നേട്ടത്തിൽ താൻ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കിയ താരം, ചടങ്ങിലെ ചില ദൃശ്യങ്ങൾ തന്നെ അലോസരപ്പെടുത്തിയെന്ന് തുറന്നുപറഞ്ഞു. മുൻനിരയിൽ സിനിമാ മേഖലയിലെ പുരുഷ താരങ്ങൾക്കും മറ്റ് അതിഥികൾക്കും ഇടം നൽകിയപ്പോൾ, പുരസ്കാരം വാങ്ങാൻ എത്തിയ ജ്യോതിർമയി ഉൾപ്പെടെയുള്ള സ്ത്രീകൾ തൊട്ടുപിന്നിലെ നിരയിലായിരുന്നു ഇരുന്നിരുന്നത്.
സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് എന്നെ അല്പം അസ്വസ്ഥനാക്കി. ഈ ചിന്ത പങ്കുവെക്കാതിരിക്കാൻ കഴിയില്ല.” അഹാന കുറിച്ചു.
സിനിമാ മേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ അഹാനയുടെ ഈ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.













Discussion about this post