ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കരുത്തുറ്റ വളർച്ചാ നിരക്കുമായി ഭാരതം ലോകത്തിന് മാതൃകയാകുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ 2025-26 സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചിരിക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, 2026-27 (FY27) സാമ്പത്തിക വർഷത്തിൽ രാജ്യം 6.8% മുതൽ 7.2% വരെ ജിഡിപി വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യ 7.4% വളർച്ച നേടുമെന്നാണ് ആദ്യഘട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന പദവി ഭാരതം തുടർച്ചയായ നാലാം വർഷവും നിലനിർത്തി.
നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച സാമ്പത്തിക സുസ്ഥിരതയുടെയും ആത്മനിർഭർ ഭാരത് നയങ്ങളുടെയും വിജയമായാണ് ഈ വളർച്ചാ നിരക്കിനെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം പ്രതീക്ഷിച്ചിരുന്ന 6.5 – 7 ശതമാനം എന്ന വളർച്ചാ പ്രവചനത്തെ മറികടന്നാണ് ഇന്ത്യ മുന്നേറുന്നത്. ആഭ്യന്തര ഉൽപ്പാദന മേഖലയിലെ ഉണർവും അടിസ്ഥാന സൗകര്യ വികസനത്തിന് നൽകുന്ന മുൻഗണനയും രാജ്യത്തിന്റെ കുതിപ്പിന് വേഗത കൂട്ടി. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഭാരതം ഒരു ആഗോള നിർമ്മാണ ഹബ്ബായി മാറുന്നതിന്റെ പ്രതിഫലനമാണ് സർവ്വേ റിപ്പോർട്ടിലുള്ളത്.
ധനകമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാർ വിജയിച്ചു. 2020-21ൽ 9.2 ശതമാനമായിരുന്ന ധനകമ്മി 2024-25ൽ 4.8 ശതമാനമായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വളരെ കുറഞ്ഞു. മൂലധന ചെലവ് ജിഡിപിയുടെ നാല് ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. സാമ്പത്തിക മേഖലയുടെ മികവിന്റെ സൂചനയായി ഇതിനെ കാണാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള സാമ്പത്തിക നയതന്ത്രം വഴി കയറ്റുമതിയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള ചരിത്രപരമായ വ്യാപാര കരാറുകൾ ഉൾപ്പെടെയുള്ള നീക്കങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് എത്തിക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു. വിദേശനാണ്യ കരുതൽ ശേഖരത്തിലെ വർദ്ധനവും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ സാധിച്ചതും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തേകുന്നു.
അതേസമയം, ആഗോള വിപണിയിലെ ഭൗമരാഷ്ട്രീയ തർക്കങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സർവ്വേ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, ഏത് പ്രതിസന്ധിയെയും നേരിടാൻ ഭാരതത്തിന്റെ ആഭ്യന്തര വിപണി സജ്ജമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞതും സ്വകാര്യ നിക്ഷേപങ്ങളിൽ ഉണ്ടായ വർദ്ധനവും ശുഭസൂചനയാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നിർണ്ണായകമായ ഒരു നാഴികക്കല്ലായി ഈ സാമ്പത്തിക വളർച്ച മാറും.











Discussion about this post