2026 ടി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണിയിൽ നിന്നും പാകിസ്താൻ ക്രിക്കറ്റ് ടീം നാടകീയമായി പിന്മാറുന്നു. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പാകിസ്താൻ, കൊളംബോയിലേക്കുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് അന്ത്യമായിരിക്കുകയാണ്.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി ഒഴിവാക്കിയതോടെയാണ് പാകിസ്താൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ വൈകാരികമായ തീരുമാനങ്ങളേക്കാൾ പ്രായോഗികമായ സാമ്പത്തിക-കായിക യാഥാർത്ഥ്യങ്ങൾക്കാണ് പാകിസ്താൻ ഒടുവിൽ മുൻഗണന നൽകിയത്. ഓസ്‌ട്രേലിയൻ ടീമിനൊപ്പമായിരിക്കും പാകിസ്താൻ ടീം കൊളംബോയിലേക്ക് തിരിക്കുക. ടൂർണമെന്റിനായി പൂർണ്ണമായി തയ്യാറെടുക്കാൻ ടീം മാനേജ്‌മെന്റിന് നിർദ്ദേശം ലഭിച്ചുകഴിഞ്ഞു.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പ്രസിഡന്റ് ആസിഫ് സർദാരി, മുൻ ചെയർമാന്മാരായ നജം സേത്തി, റമീസ് രാജ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ മനംമാറ്റം. പൂർണ്ണമായ ബഹിഷ്കരണം പാകിസ്താൻ ക്രിക്കറ്റിന് ദോഷം ചെയ്യുമെന്ന് ഉപദേശകർ മുന്നറിയിപ്പ് നൽകിയിരുന്നു.
ടീമിന്റെ സാന്നിധ്യം ലോകകപ്പിന്റെ വാണിജ്യ മൂല്യത്തിനും അന്തസ്സിനും അനിവാര്യമാണെന്നിരിക്കെ, പാകിസ്താന്റെ ഈ തീരുമാനം ബിസിസിഐയ്ക്കും ഐസിസിക്കും വലിയ ആശ്വാസമാണ് നൽകുന്നത്.













Discussion about this post