രാജ്യം ചർച്ച ചെയ്ത ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ (The Kerala Story 2: Goes Beyond) ടീസർ പുറത്തിറങ്ങി. ഇന്ത്യുടെ വിവിധ ഭാഗങ്ങളിൽ ഇന്നും സജീവമായി തുടരുന്ന നിർബന്ധിത മതപരിവർത്തനത്തിന്റെയും ‘ലവ് ജിഹാദ്’ കെണികളുടെയും ഭീകരത തുറന്നുകാട്ടുന്നതാണ് വിപുൽ അമൃത്ലാൽ ഷാ നിർമ്മിച്ച ഈ ചിത്രത്തിന്റെ ടീസർ. “നമ്മുടെ പെൺമക്കൾ പ്രണയത്തിലല്ല വീഴുന്നത്, അവർ കെണിയിലാണ് വീഴുന്നത്; ഇനി സഹിക്കില്ല, നമ്മൾ പോരാടും” എന്ന സന്ദേശമാണ് ടീസർ പങ്കുവെക്കുന്നത്.
2023-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 300 കോടിയിലധികം രൂപ നേടുകയും ആഗോളതലത്തിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് നേടിയ ആദ്യ ചിത്രത്തിന്റെ തുടർച്ചയായി എത്തുന്ന രണ്ടാം ഭാഗം കൂടുതൽ ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ദേശീയ അവാർഡ് ജേതാവായ കാമാഖ്യ നാരായണൻ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കേരളത്തിൽ നിന്നുള്ള ഐഎഎസ് മോഹിയായ സുരേഖ നായർ, മധ്യപ്രദേശിൽ നിന്നുള്ള കായിക താരം നേഹ സന്ത്, രാജസ്ഥാനിൽ നിന്നുള്ള ദിവ്യ പാലിവാൾ എന്നീ മൂന്ന് യുവതികളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
അദാ ശർമ്മയ്ക്ക് പകരം ഇത്തവണ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പെൺമക്കളെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കങ്ങളെയും അതിനെതിരെയുള്ള സ്ത്രീശക്തിയുടെ പ്രതിരോധത്തെയുമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് മനോജ് മുൻതാഷിറാണ് വരികൾ എഴുതിയിരിക്കുന്നത്. ഭാരതത്തിന്റെ ദേശീയ ബോധത്തെയും സാംസ്‌കാരിക സുരക്ഷയെയും മുൻനിർത്തി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.









Discussion about this post