പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ അതിനിർണ്ണായകമായ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. അഹമ്മദാബാദിൽ ഭൂഗർഭ മെട്രോ തുരങ്കത്തിന് മുകളിലായി നിർമ്മിച്ച 100 മീറ്റർ നീളമുള്ള കൂറ്റൻ ഉരുക്ക് പാലത്തിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയായി. ഗുജറാത്തിൽ ആകെ വിഭാവനം ചെയ്തിട്ടുള്ള 17 ഉരുക്ക് പാലങ്ങളിൽ പതിമൂന്നാമത്തേതാണിത്. ഭാരതത്തിന്റെ എഞ്ചിനീയറിംഗ് കരുത്തും സ്വാശ്രയത്വവും ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ മികവിലാണ് ഇത് പൂർത്തിയായത്.
ഭൂമിക്ക് അടിയിലൂടെയുള്ള കലുപുർ, ഷാപ്പൂർ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന തുരങ്കത്തിന് മുകളിലൂടെയാണ് ബുള്ളറ്റ് ട്രെയിൻ പാത കടന്നുപോകുന്നത്. മെട്രോ തുരങ്കത്തിന് യാതൊരുവിധ ആഘാതവും ഏൽക്കാതിരിക്കാൻ പ്രത്യേക സാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തിയത്. സാധാരണയായി 30 മുതൽ 50 മീറ്റർ വരെ മാത്രം ദൈർഘ്യമുള്ള സ്പാനുകളാണ് ഉപയോഗിക്കുന്നതെങ്കിലും, മെട്രോ തുരങ്കത്തിന് മുകളിൽ ഭാരം വരാതിരിക്കാൻ തൂണുകൾ അകറ്റി സ്ഥാപിച്ച് സ്പാനിന്റെ നീളം 100 മീറ്ററായി ഉയർത്തുകയായിരുന്നു. ഇതനുസരിച്ച് സാധാരണ കോൺക്രീറ്റ് വയഡക്റ്റുകൾക്ക് പകരം ‘സ്റ്റീൽ ട്രസ്’ ഡിസൈനിലേക്ക് പാലം പുനർരൂപകൽപ്പന ചെയ്തു.
മഹാരാഷ്ട്രയിലെ വാർധയിലുള്ള വർക്ക്ഷോപ്പിലാണ് ഈ പടുകൂറ്റൻ ഉരുക്ക് ഭാഗങ്ങൾ നിർമ്മിച്ചത്. അവിടെ നിന്നും ട്രെയിലറുകൾ വഴിയാണ് അഹമ്മദാബാദിലെത്തിച്ചത്. 1098 മെട്രിക് ടൺ ഭാരമുള്ള ഈ പാലം സബർമതി മെയിൻ ലൈനിന് സമാന്തരമായാണ് സ്ഥിതി ചെയ്യുന്നത്. നിലത്തുനിന്ന് 16.5 മീറ്റർ ഉയരത്തിൽ താൽക്കാലിക തട്ടുകൾ നിർമ്മിച്ച് കൂട്ടിയോജിപ്പിച്ച ശേഷമാണ് പാലം സ്ഥിരമായ തൂണുകളിലേക്ക് താഴ്ത്തി ഉറപ്പിച്ചത്. ഏകദേശം 45,186 അത്യാധുനിക ടോർ-ഷിയർ ഹൈ സ്ട്രെങ്ത് ബോൾട്ടുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. തുരുമ്പിനെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള C5 പെയിന്റിംഗും പാലത്തിന് നൽകിയിട്ടുണ്ട്.










Discussion about this post