ആഗോള സാമ്പത്തിക ഭൂപടത്തിൽ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്ന നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയനുമായുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ, അമേരിക്കയുമായുള്ള വ്യാപാര കരാറും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വെളിപ്പെടുത്തി. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ ഇനി ലോകരാഷ്ട്രങ്ങളുമായി ചർച്ചകൾ നടത്തുന്നത് വെറുമൊരു വിപണിയായല്ല, മറിച്ച് തുല്യശക്തിയായാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകൾ ‘ക്ലോഷറിലേക്ക്’ (അവസാന ഘട്ടം) നീങ്ങുകയാണെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി. തർക്കവിഷയങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായും ഇരുപക്ഷവും തൃപ്തരാകുന്നതോടെ കരാർ തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക താരിഫുകൾ ചർച്ചകളെ ബാധിച്ചിരുന്നെങ്കിലും, ഇന്ത്യയുടെ തന്ത്രപരമായ നിലപാടുകൾ വിജയം കാണുന്നതായാണ് സൂചന. കാനഡയുമായുള്ള കരാറിന് അവർ ഏറെ താല്പര്യം കാണിക്കുന്നുണ്ടെന്നും മാർച്ച് ആദ്യവാരം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തോടെ ഇതിൽ വലിയ പുരോഗതി ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഇപ്പോൾ വിലപേശുന്നത് നിലവിലെ 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ മുന്നിൽ കണ്ടല്ല, മറിച്ച് 2047-ൽ ഇന്ത്യ കൈവരിക്കാൻ പോകുന്ന 30 ട്രില്യൺ ഡോളർ വികസിത ഭാരതത്തിന്റെ കരുത്തിനെ അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാനിപ്പോൾ ലോകത്തോട് ചർച്ച നടത്തുന്നത് ഒന്നെങ്കിൽ ഒരു സമന്മാനായി അല്ലെങ്കിൽ അവർക്ക് നൽകാൻ കൂടുതൽ ഉള്ള ഒരാളായാണ്. അതുകൊണ്ട് തന്നെ നമുക്ക് ലഭിക്കുന്നത് മികച്ച ഡീലുകളാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായുള്ള കരാറിലൂടെ ഇന്ത്യൻ നിർമ്മാണ മേഖലയ്ക്കും കയറ്റുമതിക്കും വലിയ കുതിച്ചുചാട്ടമുണ്ടാകും. 35 ബില്യൺ ഡോളറിന്റെ തൊഴിൽ അധിഷ്ഠിത ഉൽപ്പന്നങ്ങളിൽ 33.5 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്കും ആദ്യ ദിവസം മുതൽ തന്നെ പൂജ്യം ഡ്യൂട്ടി ആനുകൂല്യം ലഭിക്കും. ഇത് ടെക്സ്റ്റൈൽ, ആഭരണങ്ങൾ, സ്കിൻകെയർ തുടങ്ങിയ മേഖലകളിൽ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഡിമാൻഡ് വർദ്ധിക്കുന്നതിനനുസരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോകത്തെ മികച്ചതായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ നാല് വർഷത്തിനിടെ മോദി സർക്കാർ എട്ട് പ്രധാന വ്യാപാര കരാറുകൾ ഒപ്പിട്ടത് ഇന്ത്യയുടെ ആഗോള സാമ്പത്തിക നയങ്ങളിലെ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വികസിത രാഷ്ട്രങ്ങൾ ഇന്ത്യയെ ഇപ്പോൾ ബഹുമാനത്തോടെയും വിശ്വസ്ത പങ്കാളിയായും കാണുന്നതിന് കാരണം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയും ദീർഘവീക്ഷണമുള്ള നേതൃത്വവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.











Discussion about this post