സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സാഹചര്യത്തിൽ, ബാങ്ക് ലോക്കറുകളെ മാത്രം വിശ്വസിച്ച് ആഭരണങ്ങൾ സൂക്ഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ. വീട്ടിലെ സുരക്ഷയെക്കരുതി ലോക്കറിൽ സ്വർണം വെക്കുന്നവർ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങളും നഷ്ടപരിഹാര വ്യവസ്ഥകളും കൃത്യമായി അറിഞ്ഞിരിക്കണം. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾക്ക് എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാൽ, അവയുടെ വിപണി മൂല്യമല്ല ബാങ്ക് നൽകുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
റിസർവ് ബാങ്ക് (RBI) നിയമപ്രകാരം, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകൾക്കോ തട്ടിപ്പുകൾക്കോ മാത്രമാണ് ബാങ്കിന് ഉത്തരവാദിത്തമുള്ളത്. തീപിടിത്തം, മോഷണം, കവർച്ച, ബാങ്ക് കെട്ടിടം തകരുക അല്ലെങ്കിൽ ബാങ്ക് ജീവനക്കാർ നടത്തുന്ന തട്ടിപ്പുകൾ എന്നിവ കാരണം ലോക്കറിലെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ ഈ നഷ്ടപരിഹാരം ലോക്കറിന്റെ വാർഷിക വാടകയുടെ 100 ഇരട്ടി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ വർഷം 2,000 രൂപയാണ് ലോക്കർ വാടകയായി നൽകുന്നതെങ്കിൽ, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടാലും ബാങ്കിൽ നിന്ന് ലഭിക്കുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമായിരിക്കും.
പ്രകൃതിക്ഷോഭങ്ങൾക്ക് ബാങ്കിന് ഉത്തരവാദിത്തമില്ലെന്നതാണ് മറ്റൊരു പ്രധാന വസ്തുത. പ്രളയം, ഭൂകമ്പം, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലം ലോക്കറിലെ സാധനങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ ബാങ്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. കൂടാതെ, ഉപഭോക്താവിന്റെ സ്വന്തം അശ്രദ്ധ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്കും ബാങ്കിനെ കുറ്റപ്പെടുത്താൻ കഴിയില്ല. ലോക്കറിൽ നിങ്ങൾ എന്താണ് സൂക്ഷിച്ചിട്ടുള്ളതെന്ന് ബാങ്കിന് അറിയില്ല എന്നതും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിൽ നിർണ്ണായകമാണ്.
ലോക്കറിലെ സ്വർണ്ണത്തിന് പൂർണ്ണ സുരക്ഷ ആഗ്രഹിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാവുന്നതാണ്. നിലവിൽ ബാങ്കുകൾ നേരിട്ട് ലോക്കറിലെ വസ്തുക്കൾക്ക് ഇൻഷുറൻസ് നൽകുന്നില്ല. എന്നാൽ ‘ഹോം ഇൻഷുറൻസ്’ പോളിസികൾക്കൊപ്പം ലോക്കറിലെ സ്വർണ്ണത്തിനും പരിരക്ഷ നൽകുന്ന സൗകര്യം ചില ഇൻഷുറൻസ് കമ്പനികൾ നൽകുന്നുണ്ട്. ഇത് സ്വർണം ലോക്കറിലിരിക്കുമ്പോഴും ധരിക്കുമ്പോഴും ഒരുപോലെ സുരക്ഷ ഉറപ്പാക്കും.
ലോക്കറിന് പകരമായി ‘ഗോൾഡ് ഓവർഡ്രാഫ്റ്റ്’ (Gold OD) സൗകര്യം പ്രയോജനപ്പെടുത്തുന്നത് കൂടുതൽ സുരക്ഷിതമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സംവിധാനത്തിൽ സ്വർണം ബാങ്കിൽ ഈടായി നൽകുന്നതിനാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബാങ്കിനായിരിക്കും. കൂടാതെ, ആവശ്യമുള്ളപ്പോൾ ഈ സ്വർണത്തിന്മേൽ കുറഞ്ഞ പലിശയിൽ വായ്പ എടുക്കാനും സാധിക്കും. അതായത് സ്വർണ്ണം പണയപ്പെടുത്തി ഓവർഡ്രാഫ്റ്റ് എടുക്കുമ്പോൾ ബാങ്ക് അതിന്റെ കസ്റ്റോഡിയൻ (Custodian) ആയി മാറുന്നു. ലോക്കറിനെ അപേക്ഷിച്ച് ഇവിടെ ധനകാര്യ സ്ഥാപനം 100% ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പ്രോസസ്സിംഗ് ഫീ സാധാരണയായി 0.25% മുതൽ 0.5% വരെ മാത്രമായിരിക്കും. പിൻവലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതിയാകും
. 2022 മുതൽ നിലവിൽ വന്ന പുതിയ കരാറുകളിൽ (Bank Locker Agreement) ഒപ്പിടാത്തവർ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടണമെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ തവണ ലോക്കർ തുറക്കുമ്പോഴും ബാങ്കിൽ നിന്നുള്ള എസ്എംഎസ് അലേർട്ടുകൾ കൃത്യമായി വരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.












Discussion about this post