ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരത അന്ത്യശ്വാസം വലിക്കുമ്പോൾ, ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരർക്കിടയിൽ പുതിയൊരു മാറ്റം. ആയുധം വെച്ച് കീഴടങ്ങിയ നൂറുകണക്കിന് മുൻ കമ്യൂണിസ്റ്റ് ഭീകർ തങ്ങളുടെ വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി സാധാരണ കുടുംബജീവിതത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. സംഘടനയുടെ ഭാഗമായതിന് ശേഷം കാട്ടിൽ വെച്ച് നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായവരാണിവർ. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നടപടികളെത്തുടർന്ന് മാവോയിസ്റ്റ് സ്വാധീന മേഖലകൾ ഇല്ലാതാകുന്നതോടെയാണ് ഈ മാനുഷികമായ മാറ്റം ദൃശ്യമാകുന്നത്.
കമ്യൂണിസ്റ്റ് ഭീകര സംഘടനകളിൽ അംഗങ്ങളാകുന്നവർക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ടെങ്കിലും കുട്ടികൾ ഉണ്ടാകാൻ പാടില്ലെന്ന ക്രൂരമായ നിബന്ധന നിലവിലുണ്ട്. ഇതനുസരിച്ച് കാട്ടിലെ താത്കാലിക താവളങ്ങളിൽ വെച്ച് സംഘടനയിലെ തന്നെ ഡോക്ടർമാരെ ഉപയോഗിച്ച് ഇവർക്ക് വന്ധ്യംകരണം നടത്താറാണ് പതിവ്. എന്നാൽ, കീഴടങ്ങൽ വഴി ലഭിച്ച സ്വാതന്ത്ര്യത്തോടെ മക്കളും കുടുംബവുമായി സമാധാനപരമായ ജീവിതം നയിക്കാൻ ഇവർ ഇപ്പോൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 50-ഓളം മുൻ കമ്യൂണിസ്റ്റ് ഭീകരർ റായ്‌പൂരിലെയും ജഗ്‌ദൽപൂരിലെയും ആശുപത്രികളിൽ വെച്ച് ശസ്ത്രക്രിയ തിരുത്തി ‘നാസ് ജോഡ്‌ന’ (രക്തക്കുഴലുകൾ യോജിപ്പിക്കൽ) പൂർത്തിയാക്കി.
ജനുവരിയിൽ കീഴടങ്ങിയ 8 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മുൻ ഡിവിഷണൽ കമ്മിറ്റി അംഗം താതി ഗാന്ധിയെന്ന അറബ് (35) ഈ മാറ്റത്തിന്റെ മുഖമാണ്. 2014-ൽ കാട്ടിൽ വെച്ച് നിർബന്ധിത ശസ്ത്രക്രിയക്ക് വിധേയനായ അറബ്, കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ സഹായത്തോടെ അത് തിരുത്തി. ഇപ്പോൾ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിൽ (DRG) അസിസ്റ്റന്റ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വധുവിനായുള്ള തിരച്ചിലിലാണ്.
സംഘടനയ്ക്കുള്ളിലെ സ്ത്രീകളുടെയും യുവാക്കളുടെയും അവസ്ഥ എത്രത്തോളം ഭീകരമായിരുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. കാട്ടിൽ തോക്കിൻ മുനയിൽ നടന്നിരുന്ന വിവാഹങ്ങൾ വെറും ചടങ്ങുകൾ മാത്രമായിരുന്നുവെന്നും ദമ്പതികളെ ഒരുമിച്ച് താമസിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും മുൻ കേഡറുകൾ സാക്ഷ്യപ്പെടുത്തുന്നു.
2026 മാർച്ച് 31-ഓടെ ഇന്ത്യയിൽ നിന്ന് ഇടതുപക്ഷ തീവ്രവാദം പൂർണ്ണമായും തുടച്ചുനീക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം ലക്ഷ്യത്തോടടുക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ റെക്കോർഡ് എണ്ണം (2,167 പേർ) കമ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. ബസ്തർ മേഖലയിൽ മാത്രം 1,590 പേർ ആയുധം വെച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി. കാട്ടിൽ വെച്ച് ഭീകരരുടെ വന്ധ്യംകരണം നടത്തിയിരുന്ന ഡോക്ടർ ശുക് ലാൽ ജൂറി പോലും ഇപ്പോൾ കീഴടങ്ങി സമാധാനത്തിന്റെ പാതയിലാണ്. കീഴടങ്ങുന്നവർക്ക് മെഡിക്കൽ സഹായത്തിന് പുറമെ തൊഴിലും സുരക്ഷയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.











Discussion about this post