മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക നീക്കം. അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ പത്നി സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബാരാമതിയിലെ വിമാനാപകടത്തിൽ അജിത് പവാർ അന്തരിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിടവ് പരിഹരിക്കാനാണ് എൻസിപി ഈ നിർണായക തീരുമാനമെടുത്തതെന്നാണ് വിലയിരുത്തൽ.
ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സുനേത്ര പവാർ അധികാരമേൽക്കും.
മഹായുതി സഖ്യത്തിന്റെ കെട്ടുറപ്പ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. എൻസിപിയും പവാർ കുടുംബവും എടുക്കുന്ന ഏത് തീരുമാനത്തെയും ബിജെപിയും സർക്കാരും പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം. “അജിത് ദാദയുടെ കുടുംബത്തിനും എൻസിപിക്കുമൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അതിന് പൂർണ്ണ പിന്തുണയുണ്ടാകും” – ഫഡ്‌നാവിസ് പറഞ്ഞു.
നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര പവാർ, മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. അജിത് പവാർ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, കായികം എന്നീ വകുപ്പുകൾ സുനേത്ര പവാർ തന്നെ വഹിക്കും. എന്നാൽ ധനകാര്യ വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി ഫഡ്‌നാവിസ് തന്നെ നിലനിർത്തും. മാർച്ച് മാസത്തിൽ ബജറ്റ് സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. ബജറ്റിന് ശേഷം ഈ വകുപ്പ് എൻസിപിക്ക് തന്നെ കൈമാറാനാണ് സഖ്യത്തിലെ ധാരണ.
ഹിന്ദുത്വ മൂല്യങ്ങളും വികസന രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്ന മഹായുതി സർക്കാർ, സംസ്ഥാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. പവാർ കുടുംബത്തിലെ ഈ പിൻഗാമിയെ അംഗീകരിക്കുന്നതിലൂടെ ബാരാമതിയിലെ വികസന തുടർച്ചയും രാഷ്ട്രീയ ഐക്യവുമാണ് സഖ്യം ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വൈകാരികവും രാഷ്ട്രീയവുമായ ഐക്യം ബിജെപി-ശിവസേന-എൻസിപി സഖ്യത്തിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി എൻസിപി എംഎൽഎമാരുടെ യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധാൻ ഭവനിൽ ചേരും. അവിടെ സുനേത്ര പവാറിനെ സഭാകക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും.












Discussion about this post