ഹോളിവുഡ് സിനിമകളും വെബ് സീരീസുകളും കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. നായകനും നായികയും മറ്റ് പ്രധാന കഥാപാത്രങ്ങളുമെല്ലാം ഐഫോൺ ഉപയോഗിക്കുമ്പോൾ വില്ലന്മാരുടെ കയ്യിൽ മാത്രം ആപ്പിൾ ഉൽപ്പന്നങ്ങൾ ഉണ്ടാകില്ല. ഇത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമന്മാരായ ആപ്പിളിന്റെ കടുത്ത നിബന്ധനയുടെ ഭാഗമാണ്. സിനിമകളിലും സീരീസുകളിലും വില്ലൻ കഥാപാത്രങ്ങൾ ഐഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന വിചിത്രമെന്നു തോന്നാവുന്ന ഈ രഹസ്യം പ്രശസ്ത സംവിധായകൻ റിയാൻ ജോൺസണാണ് ആദ്യം വെളിപ്പെടുത്തിയത്.
തങ്ങളുടെ ബ്രാൻഡ് ഇമേജ് എപ്പോഴും പോസിറ്റീവ് ആയി നിലനിർത്തണമെന്ന ആപ്പിളിന്റെ കർശനമായ പോളിസിയാണ് ഇതിന് പിന്നിലെന്നു ‘നൈവ്‌സ് ഔട്ട്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ റിയാൻ ജോൺസൺ പറയുന്നു. സിനിമകളിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കമ്പനി അനുവാദം നൽകാറുണ്ട്. എന്നാൽ ഒരു നിബന്ധന മാത്രം, വില്ലൻ വേഷം ചെയ്യുന്നവർ ഐഫോണോ മാക് ബുക്കോ സ്ക്രീനിൽ ഉപയോഗിക്കരുത്. ജനങ്ങളുടെ മനസ്സിൽ വില്ലന്മാരോടുള്ള നെഗറ്റീവ് ഇമേജ് തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് പടരാതിരിക്കാനാണ് ആപ്പിൾ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.
സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇത് പലപ്പോഴും വില്ലനെ തിരിച്ചറിയാനുള്ള ഒരു വഴി കൂടിയായി മാറാറുണ്ട്. മിസ്റ്ററി സിനിമകളിലും സസ്പെൻസ് ത്രില്ലറുകളിലും ആരാണ് വില്ലനെന്ന് തിരിച്ചറിയാൻ കഥാപാത്രങ്ങളുടെ കയ്യിലുള്ള ഫോൺ നോക്കിയാൽ മതിയെന്ന രസകരമായ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആപ്പിളിന്റെ ഈ ‘നോ വില്ലൻ ക്ലോസ്’ (No Villain Clause) ഔദ്യോഗികമായി എവിടെയും എഴുതിവെച്ചിട്ടില്ലെങ്കിലും ഹോളിവുഡ് നിർമ്മാണ കമ്പനികൾക്ക് ഇത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശം ലഭിക്കാറുണ്ട്.
ഉൽപ്പന്നങ്ങളുടെ പ്ലേസ്‌മെന്റിലൂടെ വിപണി പിടിക്കുന്ന കമ്പനികൾ തങ്ങളുടെ ബ്രാൻഡ് മൂല്യം കുറയുന്ന ഒരു കാര്യവും അനുവദിക്കില്ല എന്നതിന്റെ ഉദാഹരണമാണിത്. ഇത്രയേറെ ശ്രദ്ധയോടെയും കരുതലോടെയും ബ്രാൻഡ് ഇമേജ് കാത്തുസൂക്ഷിക്കുന്നതിനാലാണ് ആപ്പിൾ ലോകത്തിലെ ഒന്നാം നിര കമ്പനിയായി തുടരുന്നത്. മുൻപ് ’24’ എന്ന പ്രശസ്തമായ ടിവി സീരീസിലും സമാനമായ രീതിയിൽ നല്ല കഥാപാത്രങ്ങൾ ആപ്പിൾ കമ്പ്യൂട്ടറുകളും വില്ലന്മാർ മറ്റ് കമ്പനികളുടെ കമ്പ്യൂട്ടറുകളും ഉപയോഗിച്ചത് ചർച്ചയായിരുന്നു.













Discussion about this post