തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ന് സഞ്ജു സാംസൺ എന്ന തദ്ദേശീയ നായകന്റെ ഉദയത്തിനായി കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യമായി ഇന്ത്യൻ കുപ്പായമണിയുന്ന സഞ്ജുവിന്, ഈ അഞ്ചാം ടി20 കരിയറിലെ തന്നെ ഏറ്റവും നിർണ്ണായകമായ പോരാട്ടമായി മാറും.
മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സഞ്ജു സാംസൺ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ലോകത്തെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയെ നെറ്റ്സിൽ സഞ്ജു അനായാസം നേരിട്ടു. ബുംറയുടെ വേഗതയേറിയ പന്തുകളെ അതിർത്തി കടത്തിയ സഞ്ജുവിന്റെ ഫോം ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ മത്സരത്തിൽ മിച്ചൽ സാന്റ്നർക്ക് മുന്നിൽ പതറിയ സഞ്ജു, ഇത്തവണ സ്പിന്നിനെ നേരിടുന്നതിൽ വലിയ ശ്രദ്ധ ചെലുത്തി. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർക്കെതിരെ അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ പ്രതിരോധവും ടൈമിംഗും മെച്ചപ്പെടുത്താനാണ് സഞ്ജു ശ്രമിച്ചത്. ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിയുടെ പന്തുകളെ നേരിടാനായി സൈഡ് ആം ത്രോ ബോൾ പരിശീലനത്തിലും സഞ്ജു സമയം ചെലവിട്ടു.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഇഷാൻ കിഷൻ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. ഇഷാൻ കിഷൻ കളിക്കാൻ സാധ്യതയുണ്ടെന്ന് ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് വ്യക്തമാക്കി. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ഇഷാൻ തിരിച്ചെത്തുന്നത് സഞ്ജുവിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കും.
സ്റ്റേഡിയത്തിന് പുറത്തുള്ള സഞ്ജുവിന്റെ പടുകൂറ്റൻ കട്ടൗട്ടുകൾ തന്നെ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്നു. സ്വന്തം മണ്ണിൽ ഇന്ന് നല്ല സ്കോർ നേടാൻ സാധിച്ചാൽ അത് സഞ്ജുവിന് കാലിയ ഗുണം ചെയ്യും.












Discussion about this post